യുപിയിൽ സഖ്യകക്ഷി എംഎൽഎയെ കള്ളനെന്നു വിളിച്ച് ബിജെപി അധ്യക്ഷൻ

മഹേന്ദ്രനാഥ് പാണ്ഡേ. ചിത്രം: ട്വിറ്റർ.

ലക്നൗ ∙ സഖ്യകക്ഷി എംഎൽഎയെ കള്ളനെന്നു വിളിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി എംഎൽഎ കൈലാഷ് സോങ്കറിനെയാണ് പാണ്ഡെ കള്ളനെന്നു വിളിച്ചത്. കൈലാഷിന്റെ മണ്ഡലമായ അജ്ഗാരയിൽ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഈ അധിക്ഷേപം. ‘തറക്കല്ലിൽ എംഎൽഎയുടെ പേര് ചേർക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു കള്ളനായി മാറിയിരിക്കുന്നു. ഞാൻ വ്യക്തമായി പറയുന്നു, കൈലാഷ് സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന ആളാണ്.’ -മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. ഉപമുഖ്യമന്ത്രി ദിനേഷ് ശർമയെ വേദിയിൽ ഇരുത്തികൊണ്ടായിരുന്നു പാണ്ഡെയുടെ ആരോപണം. കൈലാഷ് പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

സംസ്ഥാന അധ്യക്ഷന്റെ അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്നു കൈലാഷ് സോങ്കർ മാധ്യമങ്ങളോടു പറഞ്ഞു. ‘ഞാൻ വളരെയധികം ബഹുമാനിക്കുന്ന ആളാണ് മഹേന്ദ്ര നാഥ് പാണ്ഡെ. അദ്ദേഹം എന്തിനാണ് ഇത്തരത്തിൽ ഒരു അധിക്ഷേപം നടത്തിയതെന്ന് അറിയില്ല. എന്തു തന്നെയായലും ഇതിനെ നിയമപരമായി നേരിടും.’ - കൈലാഷ് പറഞ്ഞു.

ബിജെപിയും എസ്ബിഎസ്പിയും തമ്മിൽ കുറച്ചു മാസങ്ങളായി ഭിന്നതകൾ നിലനിൽക്കുകയായിരുന്നു. ഭരണകാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് എസ്ബിഎസ്പി അധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബർ ആരോപിച്ചിരുന്നു.