ട്രംപിന്റെ ‘നെഞ്ചിലെ കരിങ്കല്ല്’ അലിഞ്ഞു; ഇനി കുഞ്ഞുങ്ങളെ പിരിക്കില്ല

വാഷിങ്ടൻ ∙ ഒടുവിൽ ആ കുഞ്ഞുങ്ങളുടെ കരച്ചിൽ പ്രസിഡന്റ് ട്രംപിന്റെ കാതിൽവീണു. സ്വന്തം ഭാര്യയുൾപ്പെടെ, ലോകം മുഴുവൻ പ്രതിഷേധവുമായെത്തിയതിനു പിന്നാലെ, വിവാദ ‘സീറോ ടോളറൻസ്’ നയം പിൻവലിക്കാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ബുധനാ‍ഴ്ച അദ്ദേഹത്തിന്റെ ഓവൽ ഓഫിസിൽ വച്ചാണ് ഉത്തരവിൽ ഒപ്പുവച്ചത്. ‘ഞങ്ങൾക്ക് ശക്തമായ അതിർത്തികൾ ഉണ്ടാവാൻ പോകുന്നു. എന്നാൽ കുടുംബങ്ങളെ ഒരുമിച്ചു നിർത്താൻ തീരുമാനിച്ചു,’ - ട്രംപ് പറഞ്ഞു.

മെക്സിക്കൻ അതിർത്തിയിൽ മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്തു സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയും ചെയ്യുക എന്നതായിരുന്നു ട്രംപിന്റെ വിവാദനയം. ഇതനുസരിച്ച്, ഏപ്രിൽ 19 മുതൽ മേയ് 31 വരെ കൈക്കുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം കുട്ടികളെയാണു സംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്. ഇത്തരം കേന്ദ്രങ്ങളിലൊന്നിലെ കുട്ടിയുടെ ശബ്ദശകലം വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസാണു പുറത്തുവിട്ടത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ശബ്ദശകലത്തിൽ കുട്ടി സ്പാനിഷ് ഭാഷയിൽ തന്റെ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നതും പുറത്തുവിടാൻ അപേക്ഷിക്കുന്നതുമാണുള്ളത്.

ട്രംപിന്റെ ഈ നയത്തിനെതിരെ ഭാര്യ മെലാനിയ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ നയത്തിൽ ഒരു വിട്ടുവീഴ്ചയും (സീറോ ടോളറൻസ്) ഇല്ലയെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ യുഎസ് പ്രസിഡന്റിന്റെ നിലപാട്. പക്ഷേ നിരന്തര സമ്മർദത്തത്തെ തുടർന്ന് നയത്തിൽ അയവു വരുത്താൻ അദ്ദേഹം തയാറാകുകയായിരുന്നു.