കിമ്മിനോട് കടുപ്പിച്ച് ട്രംപ്: ഉത്തര കൊറിയ ഭീഷണി, ഉപരോധം തുടരും

ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും (ഫയൽ ചിത്രം).

വാഷിങ്ടൻ‌∙ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തര കൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകം ഇനി കൂടുതൽ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേർവിപരീതമായ നിലപാട് ഇപ്പോൾ എടുത്തിരിക്കുന്നത്. ഉത്തര കൊറിയയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധം നീട്ടിക്കൊണ്ടാണു ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഉപരോധം നീട്ടാനുള്ള തീരുമാനം വ്യക്തമാക്കി കോൺഗ്രസിനയച്ച കുറിപ്പില്‍ അതിശക്തമായ ഭാഷയിലാണ് ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയെ ട്രംപ് ചിത്രീകരിച്ചിട്ടുള്ളത്. സാമ്പത്തിക ഉപരോധം തുടരുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും സിംഗപ്പൂർ ഉച്ചകോടിക്കു ശേഷമുള്ള മയപ്പെട്ട സമീപനം തുടർന്നിട്ടില്ലെന്നതു ശ്രദ്ധേയം. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക നടപടികള്‍ തുടരും. ഉത്തര കൊറിയൻ നേതാക്കൾക്കോ ഭരണകക്ഷിക്കോ അമേരിക്കയിലുള്ള സ്വത്തുക്കൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള വിലക്കും ഇതിലുൾപ്പെടും. മനുഷ്യാവകാശ ലംഘനങ്ങളുടെയും ആണവ പരീക്ഷണങ്ങളുടെയും പേരിൽ നിലവിലുള്ള ഉപരോധങ്ങൾക്കു പുറമെയാണിത്.

ഉപരോധങ്ങൾ തുടരുമെന്നും ചർച്ചകളുടെ പുരോഗതിക്കനുസരിച്ചു മാറ്റങ്ങൾക്കു സാധ്യതയുണ്ടെന്നുമാണു ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട്. ഉത്തര കൊറിയയിലെ ആണവായുധങ്ങളുടെ സാന്നിധ്യവും അവയുടെ വ്യാപനത്തിനുള്ള സാധ്യതയും സർക്കാരിന്‍റെ നയങ്ങളും പ്രവർത്തനങ്ങളും  അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അസാധാരണ ഭീഷണിയായി തുടരുകയാണെന്ന് ട്രംപ് കുറിച്ചു. ട്രംപ് പൊടുന്നനേ കർക്കശ നിലപാട് സ്വീകരിച്ചതിനോട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണു ലോകം.