വെറുംവയറ്റിൽ അവർ ആ കുരുന്നിനോടു ചെയ്തത് അതിക്രൂരപീഡനം; ഞെട്ടിച്ച് ഫൊറൻസിക് റിപ്പോർട്ട്

കഠ്‌വ പീഡനത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)

ജമ്മു/ന്യൂഡൽഹി∙ കൊലപ്പെടുത്തും മുൻപു തന്നെ ആ എട്ടു വയസ്സുകാരിയുടെ ശരീരം നിശ്ചലമായിരുന്നു. ഒരു ചുണ്ടനക്കം പോലും സാധിക്കാത്ത വിധം ആ കുരുന്നിനെ നിശബ്ദയാക്കിയ കൊടുംക്രൂരതയുടെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഠ്‌വ പീഡനക്കേസിൽ കൊല്ലപ്പെട്ട പെൺകുട്ടി ലഹരി വസ്തുക്കളും മരുന്നുകളും നൽകിയതിനെത്തുടർന്ന് ‘കോമ’യിലായിരുന്നെന്നാണു ഫൊറൻസിക് റിപ്പോർട്ട്.

പ്രാദേശികമായ കഞ്ചാവിനു പകരം ഉപയോഗിക്കുന്ന മന്നാർ എന്ന വസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രിൽ 0.5 എംജി ടാ‌ബ്‌ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താൻ നൽകിയിരുന്നത്. ഒഴിഞ്ഞ വയറുമായുള്ള ഒരു എട്ടു വയസ്സുകാരിക്ക് ഈ വസ്തുക്കൾ നൽകിയാൽ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന് അറിയേണ്ടിയിരുന്നത്.

ഇതിനായി പെൺകുട്ടിയുടെ വിസെറ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനു ലഭിച്ച മറുപടിയിലാണു കോമയിലേക്കോ അല്ലെങ്കിൽ അനങ്ങാൻ പോലും സാധിക്കാത്ത വിധം മരവിച്ച (ഷോക്ക്) അവസ്ഥയിലേക്കോ തള്ളിവിടും വിധം സ്വാധീനമാണ് അത്തരം വസ്തുക്കൾ ഒരു കുട്ടിയുടെ ശരീരത്തിലുണ്ടാക്കുകയെന്ന മെഡിക്കൽ വിദഗ്ധരുടെ മറുപടി ലഭിച്ചത്. ക്രൂര പീഡനത്തിനിരയായിട്ടും പെൺകുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും സമൂഹമാധ്യമങ്ങളിലൂടെ മറ്റു ചിലരും ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്നറിയാവുന്ന അന്വേഷണസംഘമാണ് പഴുതടച്ച മെഡിക്കൽ പരിശോധനയിലൂടെ ഉത്തരവുമായെത്തിയിരിക്കുന്നത്.

കുട്ടിക്കു നൽകിയ എപിട്രിൽ മരുന്നിൽ ക്ലോനാസെപാം സോൾട്ട് (Clonazepam) എന്ന രാസവസ്തു അടങ്ങിയിരുന്നു. ഇത് അതിവിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം നൽകേണ്ടതാണ്. അതും സ്വീകരിക്കുന്നയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനു ശേഷം മാത്രം! കൊല്ലപ്പെട്ട കുട്ടിക്ക് 30 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

കുഞ്ഞിന് ബലപ്രയോഗത്തിലൂടെ നൽകിയതാകട്ടെ ക്ലോനാസെപാം അടങ്ങിയ അഞ്ചു ടാബ്‌ലറ്റുകളും. അതും 0.5 മില്ലിഗ്രാം. ഇതിലും ഏറെ താഴെയാണ് അനുവദനീയമായ അളവ്. ജനുവരി 11നാണ് അഞ്ച് ടാബ്‌ലറ്റുകളും നൽകിയത്. എട്ടുവയസ്സുകാരിക്ക് യാതൊരു കാരണവശാലും നൽകാൻ പാടില്ലാത്തത്ര ക്ലോനാസെപാം ഉണ്ടായിരുന്നു ആ ഗുളികകളിൽ.

പിന്നീട് വീണ്ടും ഗുളികകൾ നൽകി. ഇതോടെ കുട്ടി ആദ്യം മയക്കത്തിലേക്കു വീണു. പിന്നെ ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാൻ പറ്റാതായി. ചെറുതായി ശരീരം വിറയ്ക്കാനും തുടങ്ങി. ശ്വാസം മന്ദഗതിയിലായി, ഒടുവിൽ കോമയിലേക്കും കടന്നു. കൊല്ലപ്പെടുത്തും മുന്‍പു തന്നെ കുട്ടിയുടെ ശരീരം മരിച്ചതിനു തുല്യമായിരുന്നെന്നു വ്യക്തം.

ഭക്ഷണം കഴിച്ചിട്ടാണു ഗുളിക അമിതമായി കഴിക്കുന്നതെങ്കിലും പ്രശ്നമാണ്, ആ സാഹചര്യത്തിൽ ഒഴിഞ്ഞ വയറ്റിൽ ഗുളിക കഴിക്കേണ്ടി വന്ന കുരുന്നിന്റെ ദുരിതം ചിന്തിക്കാവുന്നതിലുമപ്പുറമാണെന്നും റിപ്പോർട്ടിലുണ്ട്. ഈ ഗുളികയ്ക്കൊപ്പം മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കാനേ പാടില്ലാത്തതാണ്. കുട്ടിക്കാകട്ടെ കഞ്ചാവിനു സമാനമായ  മന്നാറും നൽകി. ഇത് നാഡീവ്യൂഹത്തെ തകർക്കാൻ പോന്നതാണ്. ഒരാളെ മണിക്കൂറുകളോളം ‘വിഭ്രാത്മകതയിൽ’ എത്തിക്കാൻ പോന്നതാണ് മന്നാർ എന്ന ലഹരിവസ്തു.

കേസ് പരിഗണിക്കുന്ന പഠാൻകോട്ടിലെ ജില്ലാ–സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. 2018 ജനുവരി 17നാണു കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകൻ വിഷാൽ, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു, സ്പെഷൽ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഇവരുടെ സുഹൃത്ത് പർവേഷ് കുമാർ എന്ന മാന്നു തുടങ്ങിയവർക്കെതിരെ കേസെടുത്തു.

നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരിൽ ഹെഡ് കോൺസ്റ്റബിൾ തിലക് രാജിനും എസ്ഐ ആനന്ദ് ദത്തയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്