കോടതിയും ജഡ്ജിമാരും വേണ്ട, അനധികൃത കുടിയേറ്റക്കാരെ ഉടൻ തിരിച്ചയയ്ക്കണം: ട്രംപ്

വാഷിങ്ടൻ∙ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവർ അക്രമകാരികളാണെന്നും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കലോ വിചാരണയോ കൂടാതെ ഇവരെ തിരിച്ചയക്കുകയാണു വേണ്ടതെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള കുടിയേറ്റ നിയമം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇത്രയും ആളുകൾ നമ്മുടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറുന്നത് അനുവദിക്കാനാകില്ല. അനധികൃതമായി ആരെങ്കിലും രാജ്യത്തു പ്രവേശിച്ചാൽ, കോടതി നടപടികളോ ജഡ്ജിമാരോ ഇല്ലാതെതന്നെ ഉടൻ അവരെ തിരിച്ചയയ്ക്കണം. ഒരു നല്ല കുടിയേറ്റ നിയമത്തെയും ക്രമസമാധാനത്തെയും സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ നയങ്ങൾ അപഹാസ്യമാണ്. മിക്ക കുട്ടികളും മാതാപിതാക്കളെ കൂടാതെയാണ് വരുന്നത്’ – ട്രംപ് ട്വീറ്റ് ചെയ്തു.

നിയമാനുസൃതമായ നടപടികൾ പാലിച്ച്, കുടിയേറ്റത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നവരോട് കടുത്ത അനീതി പുലർത്തുന്നതാണ് ഇപ്പോഴത്തെ നയമെന്നും അർഹതയ്ക്കനുസരിച്ചു മാത്രമാകണം കുടിയേറ്റത്തിനുള്ള അംഗീകാരമെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ഡെമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ച ട്രംപ്, ബുഷും ഒബാമയും ചെയ്തതിനെക്കാൾ ഭംഗിയായാണ് തങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും നിയമത്തിലെ പഴുതുകൾ അടയ്ക്കുകയാണ് മുഖ്യമെന്നും ഓർമപ്പെടുത്തി. ‘അതിർത്തികളിലെ സുരക്ഷ ശക്തമാക്കണം. കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അതിർത്തികളാണ് ആവശ്യം’- ട്രംപ് തുടർന്നു.

അനധികൃത കുടിയേറ്റ വിഷയത്തിൽ ശക്തമായ വാദപ്രതിവാദം തുടരുന്നതിനിടെയാണ് നിലപാട് കനപ്പെടുത്തി ട്രംപ് രംഗതെത്തിയിട്ടുള്ളത്.