ഇന്ത്യയുമായി നിർണായക ചർച്ചയിൽ നിന്ന് അവസാന നിമിഷം ‘പിന്മാറി’ യുഎസ്; കാരണം അജ്ഞാതം

നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ അടുത്തയാഴ്ച ഇന്ത്യയുമായി വാഷിങ്ടനിൽ നടക്കാനിരുന്ന നിർണായക  ഉഭയകക്ഷി (2+2) ചർച്ചയിൽ നിന്ന് യുഎസ് പിന്മാറി. ‘ഒഴിവാക്കാനാകാത്ത’ ചില കാരണങ്ങളാലാണു പിന്മാറ്റമെന്ന് യുഎസ് വ്യക്തമാക്കി. കൂടിക്കാഴ്ച മാറ്റിവച്ചതാണെന്നും റദ്ദാക്കിയതുമല്ലെന്നുമാണ് യുഎസ് വിശദീകരണം. 

ഇതു സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചു. ചർച്ച മാറ്റിവച്ചതിൽ പോംപിയോ ഇന്ത്യയോടു ഖേദം പ്രകടിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. മാറ്റിവച്ച ചര്‍ച്ച എത്രയും പെട്ടെന്നു നടത്തുന്നതു സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. ചർച്ച എവിടെ, എന്നു നടത്തണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. 

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക–വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങൾ ഉൾപ്പെടെ പരിഹരിക്കാനുള്ള നിർണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്. 

ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു ചർച്ച. കഴിഞ്ഞ വർഷം ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്കു തീരുമാനമായത്.

അതേസമയം അമേരിക്കൻ ഉൽപന്നങ്ങൾക്കു വൻതോതിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് യുഎസ് പിന്മാറ്റമെന്നും സൂചനയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉൽപന്നങ്ങളിൽ നൂറു ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുകയാണെന്ന ആരോപണം പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണു കൂടിക്കാഴ്ച മാറ്റിവച്ചതെന്നതും ശ്രദ്ധേയം. അത്തരം തീരുവകൾ ഒഴിവാക്കി നൽകണമെന്നും ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശവും വന്നിരുന്നു. ഇതു പാലിക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാനെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വാണിജ്യ ഉപരോധം ഇന്ത്യ, ചൈന കമ്പനികള്‍ക്കും ബാധകമാണെന്നും അവര്‍ക്കു മാത്രമായി യാതൊരു ഇളവും നല്‍കാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണിത്. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.