‘അമ്മ’യെ വിമർശിച്ച് പി.കെ. ശ്രീമതി; ഇടതു ‘മക്കളെ’ തിരുത്തണമെന്നു സോഷ്യൽ മീഡിയ

പി.കെ. ശ്രീമതി, മുകേഷ്, ഇന്നസെന്റ്, കെപിഎസി ലളിത

കണ്ണൂർ∙ അമ്മയ്ക്ക് ആൺകോയ്മയെന്നു സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പി.കെ. ശ്രീമതി എംപി. നീതിക്കുവേണ്ടി ശബ്ദിക്കാനും രാജിവച്ചു പ്രതിഷേധിക്കാനും നാലുപേരെയുള്ളൂ എന്നതു കണക്കാക്കേണ്ട. പ്രബുദ്ധകേരളം നിങ്ങളോടൊപ്പമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

സിപിഎം സഹയാത്രികരായ മുകേഷിനെയും ഇന്നസെന്റിനെയും ഗണേഷിനെയും കെപിഎസി ലളിതയെയും തിരുത്താതെ ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിച്ചതുകൊണ്ടു കാര്യമില്ലെന്ന അഭിപ്രായവുമായി ഒട്ടേറെപ്പേർ കമന്റു ചെയ്തിട്ടുണ്ട്. പോസ്റ്റിന് ഐക്യദാർഢ്യവുമായും ഒട്ടേറെ പോസ്റ്റുകൾ വരുന്നുണ്ട്.

അമ്മ സംഘടനയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നു വ്യക്തം. സ്ത്രീവിരുദ്ധതയാണോ അമ്മയുടെ മുഖമുദ്ര? ആണെന്നു സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ? സ്ത്രീകൾക്കുനേരെയുള്ള ഹീനമായ ആക്രമണത്തെ എതിർക്കേണ്ടവർ ആരോപണവിധേയരായോടൊപ്പം എന്ന പ്രവണത സംഘടന ഉടൻ പുനഃപരിശോധിക്കണമെന്നും ഫെയ്സ്ബുക് കുറിപ്പിൽ പി.കെ.ശ്രീമതി ആവശ്യപ്പെടുന്നു.

ഇടതുസ്വതന്ത്രനായി മൽസരിച്ച് എംപിയായ ഇന്നസെന്റും എംഎൽഎയായ മുകേഷും അമ്മയ്ക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന ഉപദേശവും ചില‍ർ ഉയർത്തുന്നുണ്ട്.