സമയമാകുമ്പോൾ തീരുമാനം പറയും; രാജി വച്ചവരെ അഭിനന്ദിക്കുന്നു: പൃഥ്വിരാജ്

കൊച്ചി ∙ താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി നടൻ പൃഥ്വിരാജ്. അവർ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടാകാം. എന്നാൽ ശരിയേത് െതറ്റേത് എന്നത് ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയിരിക്കുമെന്നതാണു തന്റെ നിലപാടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദി വീക്ക് ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാടു വ്യക്തമാക്കിയത്.

ദിലീപിനെ പുറത്താക്കിയത് എന്റെ തീരുമാനമല്ല: പൃഥ്വിരാജ്

എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താൻ. ‘അമ്മ’യിൽ നടക്കുന്ന കാര്യങ്ങളിൽ ശരിയായ സമയം വരുമ്പോൾ തീരുമാനം വ്യക്തമാക്കും. താൻ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എങ്കിലും അമ്മ എടുക്കുന്ന തീരുമാനങ്ങളിൽ തന്റെ മേലും പഴിചാരാം. ദിലീപുമായി സിനിമ ചെയ്യാൻ ഒരു ആലോചനയും ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞ പൃഥ്വിരാജ്, അങ്ങനെയൊരു ഘട്ടം വരുമ്പോൾ അതേക്കുറിച്ചു തീരുമാനമെടുക്കുമെന്നും ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.