‘അമ്മ’യ്ക്ക് എങ്ങനെ സ്‌ത്രീ വിരുദ്ധമായ നിലപാടിന് സാധിക്കുന്നു?: വിമർശിച്ച് വൃന്ദ

മലപ്പുറം∙ താരസംഘടനയായ അമ്മയിൽ നടൻ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാവരെയും ഉൾക്കൊള്ളേണ്ട സംഘടനയ്‌ക്ക് എങ്ങനെയാണ് സ്‌ത്രീ വിരുദ്ധമായ നിലപാട് എടുക്കാൻ കഴിയുന്നതെന്ന് അവർ ചോദിച്ചു. ‘ഇഎംഎസിന്റെ ലോകം’ സെമിനാർ വണ്ടൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. 

ജനാധിപത്യമെന്നു പറയുന്നതു വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് ജനാധിപത്യപരമായ സമീപനം സ്വീകരിക്കുക കൂടി ചെയ്യണം. ‘അമ്മ’യെ പോലുള്ള ഒരു സംഘടനയ്‌ക്ക് ആണധികാര നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നത് എങ്ങനെയാണ്? കലാ–സാംസ്‌കാരിക രംഗത്തെ എല്ലാവരെയും ഉൾക്കൊള്ളേണ്ട  സംഘടന ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. 

നടിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതിയായ നടനെ തിരിച്ചെടുക്കാൻ ‘അമ്മ’ എങ്ങനെയാണു പ്രമേയം പാസാക്കിയത്? ആ തീരുമാനം പിൻവലിക്കണം. ഇരയായ പെൺകുട്ടിക്കു വേണ്ടി മാത്രമല്ല മാന്യതയുടെയും സമത്വത്തിന്റെയും പേരിലായിരിക്കണം അതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു.

ദിലീപിനെ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്നു പി.ടി.തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.