സ്ത്രീകളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നവർ ചവറ്റുകുട്ടയിൽ: വൃന്ദ

brinda
SHARE

തിരുവനന്തപുരം ∙ ആരെ ആരാധിക്കണം എന്നു തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നവരെ കാലം ചവറ്റുകുട്ടയിലെറിയുമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്.  മാറ്റം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ‌ മന്നത്ത് പത്മനാഭനെയും അയ്യൻകാളിയെയും ശ്രീനാരായണ ഗുരുവിനെയും ആക്രമിച്ചവർ തന്നെയാണ് ഇപ്പോൾ വനിതാമതിലിനും ശബരിമലയിലെ യുവതീപ്രവേശത്തിനുമെതിരെ നിലകൊള്ളുന്നതെന്നും അവർ പറഞ്ഞു. വനിതാമതിലിന്റെ ഭാഗമായി വെള്ളയമ്പലത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

ഭ്രാന്താലയമായി വിശേഷിപ്പിച്ച കാലത്തു നിന്നു കേരളം ഇന്ന് രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറി. ഇൗ കേരളത്തെ വീണ്ടും പഴയ കാലത്തേക്കു കൊണ്ടു പോകാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. മന്നത്ത് പത്മനാഭൻ അടക്കമുള്ളവർ തുടക്കമിട്ട നവോത്ഥാന പോരാട്ടം കേരളം തുടരുക തന്നെ ചെയ്യും. പുരോഗമനപരമായി ചിന്തിക്കേണ്ട കോൺഗ്രസ് ഇപ്പോൾ ആർഎസ്എസിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ആക്രമണം അഴിച്ചുവിടുന്ന കപടവിശ്വാസികൾ വനിതാമതിൽ കണ്ടെങ്കിലും കണ്ണുതുറക്കണമെന്നും അവർ പറഞ്ഞു. 

സ്ത്രീവിരുദ്ധതയ്‌ക്കെതിരായ മതിലാണ് കേരളമാകെ ഉയർന്നതെന്ന് ദേശീയ മഹിളാ ഫെഡറേഷൻ അധ്യക്ഷ ആനി രാജ പറഞ്ഞു. സ്ത്രീപക്ഷ നിയമങ്ങളൊന്നും വെള്ളിത്താലത്തിൽ ലഭിച്ചതല്ലെന്നും രാജ്യത്തെ സ്ത്രീകളുടെ പോരാട്ടവും രക്തവും അതിനു പിന്നിലുണ്ടെന്നും അവർ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ പിന്നോട്ടു നയിക്കാനാവില്ലെന്നതിന്റെ തെളിവാണീ മതിലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കെപിഎംഎഫ് പ്രസിഡന്റ് ലൈലാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഗീതാ മധു, സംവിധായിക വിധു വിൻസന്റ്, ധന്യ രാമൻ തുടങ്ങിയവർ പ്രസംഗിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, ഡോ. തോമസ് ഐസക്,  ജമീല പ്രകാശം,  ഡോ. ടി.എൻ. സീമ, സുജ സൂസൻ ജോർജ്, മൃദുൽ ഈപ്പൻ, ബീന പോൾ, കലക്ടർ ഡോ. കെ. വാസുകി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഭരണ പരിഷ്‌കാര കമ്മിഷൻ അംഗം ഷീല തോമസ്, എംഎൽഎമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വനിതാ, സാമുദായിക, തൊഴിലാളി സംഘടനാപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA