ദിലീപിനെ തിരിച്ചെടുത്തതില്‍ പങ്കില്ല; അച്ചടക്കം ലംഘിച്ചാൽ കർശന നടപടി: ഗണേഷ്

കൊച്ചി∙ താരസംഘടന ‘അമ്മ’യിൽ ദിലീപിനെ തിരിച്ചെടുത്തില്‍ താന്‍ പങ്കാളിയല്ലെന്നു കെ.ബി.ഗണേഷ്​കുമാര്‍ എംഎല്‍എ. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്​. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. താന്‍ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മ. സംഘടനയുടെ‌ അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തതിനെ ഗണേഷ് അടക്കമുള്ള ഇടതു ജനപ്രതിനിധികൾ പിന്തുണയ്ക്കുന്നതിനെതിരെ ശക്തമായ വിമർശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു ഗണേഷ് നിലപാട് പ്രഖ്യാപിച്ചു രംഗത്തെത്തിയത്.

ഇതിനിടെ, രാജിവച്ച നാലു നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും  പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ജനങ്ങളുടെ  പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനാണ് സംഘടന. രാഷ്ട്രീയക്കാർ അമ്മയ്ക്കെതിരെ വിമർശനം നടത്തുന്നതു കയ്യടി നേടാനാണ്. ഇപ്പോൾ അമ്മയ്ക്കെതിരെ വരുന്ന വാർത്തകൾ രണ്ടു ദിവസം കൊണ്ടു അടങ്ങും. ഇത്തരം ആരോപണങ്ങൾക്കൊന്നും നമ്മളാരും മറുപടി നൽകേണ്ട കാര്യമില്ലെന്നും ‌ഗണേഷ് ശബ്ദ സന്ദേശത്തിൽ പറയുന്നു.