ആ കുട്ടികളും പറഞ്ഞു ‘ഊർമിളയ്ക്കൊപ്പമില്ല’; പതിന്മടങ്ങ് പ്രഹര ശേഷിയുണ്ടതിനെന്ന് ദീപ നിശാന്ത്

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ വിദ്യാർഥികൾ (ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്)

കോഴിക്കോട്∙ ഊർമിള ഉണ്ണി പങ്കെടുക്കുന്ന പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ച് കോളജ് വിദ്യാർഥികളും. കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ കലാകാരന്മാരായ എട്ടു പേരാണ് കോഴിക്കോട്ടെ ചടങ്ങ് ബഹിഷ്കരിച്ചത്.

ഉണ്ണിമായ, അംജത്, അഭിമൽ, അജയ്, രോഹിണി, കീർത്തന, ഗോകുൽ, അപർണ എന്നിവർ അഭിനയിച്ച ‘തൊട്ടപ്പൻ’ എന്ന നാടകത്തിനായിരുന്നു ഒന്നാം സ്ഥാനം. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ ഇവർക്ക് അനുമോദനം നൽകാൻ തീരുമാനിച്ചിരുന്നു. ചടങ്ങിൽ നടി ഊർമിള ഉണ്ണിയ്ക്കും പുരസ്കാരമുണ്ടായിരുന്നു.

താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഊർമിളയുടെ ഇടപെടൽ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ബഹിഷ്കരണം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അധ്യാപിക ദീപ നിശാന്തും നേരത്തേ വ്യക്തമാക്കിയിരുന്നു. ദീപയ്ക്കും ചടങ്ങിൽ പുരസ്കാരം സമ്മാനിക്കേണ്ടതായിരുന്നു.

അതേസമയം, അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ഊർമിള ഉണ്ണിയോട് ഇതു സംബന്ധിച്ച ചോദ്യമുണ്ടായെങ്കിലും വ്യക്തമായ ഉത്തരം നൽകിയില്ല. ചടങ്ങ് ബഹിഷ്കരിച്ച വിദ്യാര്‍ഥികൾക്ക് പിന്തുണയറിയിച്ച് ദീപ നിശാന്ത് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. താൻ ചെയ്തതിനേക്കാൾ പതിന്മടങ്ങ് മൂല്യവും പ്രഹര ശേഷിയുമുണ്ട് വിദ്യാര്‍ഥികളുടെ തിരസ്കാരത്തിനെന്നായിരുന്നു ദീപയുടെ പ്രതികരണം.

അനുമോദന ചടങ്ങ് ബഹിഷ്കരിച്ചു കൊണ്ട് വിദ്യാർഥികൾ കുറിച്ചത്:

ഞങ്ങളും ബഹിഷ്‌ക്കരിക്കുന്നു!!

ബഷീർ പുരസ്‌കാര വേദിയിൽ ഒരു എളിയ സമ്മാനം സ്വീകരിക്കുക എന്നതു ഞങ്ങളെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക്, കുറച്ച് ഡിഗ്രി കുട്ടികൾക്ക് അന്താരാഷ്ട്ര പുരസ്കാരം സ്വീകരിക്കുന്നതു പോലെയോ അല്ലെങ്കിൽ അതിനൊപ്പമോ തന്നെയാണ്. പക്ഷേ നിലപാടുകളും ‘പൊളിറ്റിക്കൽ’ ആയിരിക്കുക എന്നതുമാണു പ്രാധാന്യം എന്നു ഞങ്ങൾ തിരിച്ചറിയുന്നു.

ആയതിനാൽ ഇടംവലം നോക്കാതെ, ബഷീർപുരസ്‌കാര വേദിയിൽ ഞങ്ങൾ കുറച്ചു കുട്ടികൾ പങ്കെടുക്കുന്നില്ല എന്നു നിശ്ചയിച്ചിരിക്കുന്നു. (കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിന് മികച്ച നാടകമായി ഗുരുവായൂരപ്പൻ കോളജിന്റെ നാടകം ‘തൊട്ടപ്പൻ’ തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഈ പുരസ്‌കാരത്തിന് ഞങ്ങൾ അർഹരായത്)

അങ്ങേയറ്റം സ്ത്രീവിരുദ്ധവും,തികച്ചും യാഥാസ്ഥിതികവുമായ തീരുമാനമെടുത്ത മലയാള സിനിമാ സംഘടനയെ പിന്തുണച്ച ശ്രീമതി ഊർമിള ഉണ്ണിയോടുള്ള പ്രതിഷേധസൂചകമായിട്ടാണ് ഇത്തരമൊരു നിലപാട് എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. ദീപാ നിശാന്ത്, ദീപടീച്ചറുടെയും ഷാഹിന ബഷീറിന്റെയും തീരുമാനങ്ങൾ ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ .

കുറച്ചു പിള്ളാര് ആ പരിപാടി ബഹിഷ്കരിച്ചതുകൊണ്ട് എന്തു സംഭവിക്കാനാണ് എന്ന് ഗീർവാണം വിടുന്നവരോട്: ഞങ്ങൾ പതിനേഴും പതിനെട്ടും വയസുള്ള ഡിഗ്രി പിള്ളേര് തന്നെ, പലപ്പോഴും ഈ ഞങ്ങൾ ആകും നാളെയുടെ ഗതി നിർണയിക്കുന്നത്.

നിലപാടിനൊപ്പം,അവൾക്കൊപ്പം !!

അഭിമൽ, ഉണ്ണി, ഗോകുൽ കെ.ആർ, അജയ് വിജയൻ, കീർത്തന മുരളി, അപർണ വിനോദ്, രോഹിണി സജീർ, അംജദ് അലി

ദീപ നിശാന്തിന്റെ കുറിപ്പിൽ നിന്ന്:

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ നാടകത്തിൽ ഒന്നാം സ്ഥാനം നേടിയ സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ കുട്ടികളാണിവർ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇവരവതരിപ്പിച്ച ‘തൊട്ടപ്പൻ’ എന്ന നാടകമാണ് ഇവരെ പുരസ്കാരത്തിനർഹരാക്കിയത്. ഈ കുട്ടികളെ ഇന്നു വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പുരസ്കാരവേദിയിൽ അനുമോദിക്കാനിരിക്കുകയായിരുന്നു. ആ കുട്ടികളും ആ വേദി ബഹിഷ്കരിക്കുന്നതായി അറിഞ്ഞു.

ഞങ്ങൾ നിരസിക്കുന്നത് പുരസ്കാരത്തെയല്ല. സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള, അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരോടുള്ള എല്ലാ വ്യക്തികളോടുമുള്ള ഞങ്ങളുടെ വിയോജിപ്പ് ഞങ്ങൾക്കു സാധിക്കും വിധം ഞങ്ങൾ അറിയിക്കുന്നു എന്നേയുള്ളൂ. അത് ഊർമ്മിള ഉണ്ണി എന്ന ഒറ്റ വ്യക്തിയോടുള്ള പ്രതിഷേധമല്ല. ജനപ്രതിനിധികൾ അടക്കം കൈക്കൊണ്ട മൗനങ്ങളോടുള്ള, വിണ്ണിലെ താരങ്ങളുടെ സ്ത്രീവിരുദ്ധ കയ്യടികളോടുള്ള പ്രതിഷേധമാണിത്.

നിസ്സഹായത കൊണ്ടും മറ്റു ഗതികേടുകൾ കൊണ്ടുമാണ് പലരും മൗനം പാലിച്ചതെന്നറിഞ്ഞു. അത് മനസ്സിലാക്കുന്നു. അടിമ സമ്പ്രദായം നിരോധിച്ച കാലത്ത് കുറേ അടിമകൾക്കും ഇതേ നിസ്സഹായത ഉണ്ടായതായി കേട്ടിട്ടുണ്ട്. ഞങ്ങളിനി എന്തു ചെയ്യും? ഞങ്ങൾക്കിനി ആരു ഭക്ഷണം തരും? എന്ന ആവലാതികൾ പങ്കുവെക്കുന്നവരോട് എന്താണു പറയുക?

സ്വാതന്ത്ര്യമെന്തെന്നു പ്രഖ്യാപിക്കുന്നതിനേക്കാൾ പ്രധാനമാണ് അതെന്താണെന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് നമുക്കുണ്ടായാലേ ആ ‘പെണ്ണുങ്ങളുടെ’ സമരം ആളിപ്പടരൂ. ആ സമരത്തെ വിജയിപ്പിക്കേണ്ടത് ഒരു സാമൂഹികബാധ്യത തന്നെയാണ്. സ്ത്രീപീഡനം തീർത്തും സ്വാഭാവികമായ ഒരു മർദ്ദകോപാധിയും അധികാരപ്രയോഗത്തിനുള്ള ഉപകരണവുമായി മാറാതിരിക്കാൻ നമ്മൾ ജാഗ്രത പാലിച്ചേ മതിയാകൂ.

ആ കുട്ടികൾക്ക് എന്റെ ഹൃദയാഭിവാദ്യങ്ങൾ. കേമന്മാരോമനിക്കുമ്പോഴും ചെവി വട്ടം പിടിച്ചു കൊണ്ടുള്ള ആ സാമൂഹിക ജാഗ്രതയ്‌ക്ക് നൂറു മുത്തങ്ങൾ...