മസ്തിഷ്കം തകർത്ത് മനുഷ്യനെ ‘പ്രേതമാക്കുന്ന’ രാസായുധം വീണ്ടും; ബ്രിട്ടൻ ഭീതിയിൽ

മാർച്ചിൽ സോൾസ്ബ്രി രാസായുധ ആക്രമണത്തെത്തുടർന്ന് മേഖലയിൽ പരിശോധകരെത്തിയപ്പോൾ(ഇടത്) അമെസ്ബ്രിയിൽ ആക്രമണത്തിനിരയായ ചാർലി റോവ്‌ലി-ഡോൺ സ്റ്റർജെസ് ദമ്പതികൾ(വലത്)

ലണ്ടൻ∙ ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമണം. കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലും മകൾ യൂലിയയും രാസായുധാക്രമണത്തിനിരയായ സോൾസ്ബ്രിയിൽ നിന്ന് 16 കിലോമീറ്റർ മാത്രം അകലെ അമെസ്ബ്രിയിലാണു പുതിയ സംഭവം. സ്ക്രീപലിനു നേരെ ഉപയോഗിച്ച നെർവ് ഏജന്റായ ‘നൊവിചോക്ക്’ തന്നെയാണ് അമെസ്ബ്രിയിൽ ചാർലി റോവ്‌ലി-ഡോൺ സ്റ്റർജെസ് ദമ്പതികൾക്കു നേരെ പ്രയോഗിച്ചിട്ടുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് ഈ രാസായുധം. എന്നാൽ ഇതെങ്ങനെയാണ് അമെസ്ബ്രി ദമ്പതികളുടെ ശരീരത്തിലെത്തിയതെന്നു വ്യക്തമായിട്ടില്ല. ദമ്പതികൾ അടുത്തകാലത്തൊന്നും സോൾസ്ബ്രി സന്ദർശിച്ചതായും വിവരമില്ല. ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല.

പൊതുജനം ഭയക്കേണ്ടതില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടിഷ് പൊലീസിന്റെ നേതൃത്വത്തിൽ അമെസ്ബ്രിയിലെ അഞ്ചിടത്തു ജനത്തിനു പൂർണ വിലക്ക് ഏർപ്പെടുത്തി. രാസായുധ പ്രതിരോധത്തിനുള്ള പ്രത്യേകതരം വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരെ വരുംനാളുകളിൽ മേഖലയിൽ കാണാമെന്നും എന്നാൽ ആരും ഭയക്കേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊതുവേ ശാന്തമായ ഈ സ്ഥലത്ത് വീണ്ടും ഇത്തരമൊരു ആക്രമണം നടന്നതിൽ നിന്ന് പ്രദേശവാസികൾ ഇപ്പോഴും മുക്തരായിട്ടില്ല.  

ഇക്കഴിഞ്ഞ മാർച്ചിലാണു സ്ക്രീപലിനും മകൾക്കും നേരെ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടായിരുന്നു യൂറോപ്പിനു നേരെ മാരകമായ വിധത്തിൽ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. വീടിന്റെ വാതിൽപ്പിടിയിൽ ദ്രാവകരൂപത്തിൽ പ്രയോഗിച്ച നെർവ് ഏജന്റായിരുന്നു ഇരുവർക്കും വിനയായത്. സ്ക്രീപൽ ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല, യൂലിയ ആശുപത്രി വിട്ടു. നൊവിചോക്ക് നിർവീര്യമാക്കാനെത്തിയ ഒരു പൊലീസുകാരന്റെയും ആരോഗ്യനില വഷളായിരുന്നു. 

മാർച്ചിൽ രാസായുധ ആക്രമണത്തിനിരയായ യുലിയ.

ശനിയാഴ്ചയാണ് മഗിൾട്ടൻ റോഡിലെ വീട്ടിൽ ചാർലിയെയും ഡോണിനെയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന കൊക്കെയ്നോ ഹെറോയ്നോ ഉപയോഗിച്ചതാകാം പ്രശ്നത്തിനു കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഇരുവർക്കുമൊപ്പമുണ്ടായിരുന്ന സാം ഹോബ്സൻ എന്ന ബന്ധുവിന്റെ വാക്കുകളാണ് ആരോഗ്യസംഘത്തെയും പൊലീസിനെയും മാറ്റിച്ചിന്തിപ്പിച്ചത്:

‘ഡോണിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. പെട്ടെന്നാണ് എന്റെ കണ്മുന്നിൽ വച്ച് കുഴഞ്ഞു വീണത്. പിന്നെ അപസ്മാരം ബാധിച്ചതു പോലെ പിടയാൻ തുടങ്ങി. വായിൽ നിന്നു നുരയും പതയും ഒലിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെ അൽപസമയം കഴിഞ്ഞാണ് ചാർലി കുഴഞ്ഞുവീണത്. ശരിക്കും മറ്റൊരു ലോകത്തു നിന്നു വന്ന ഒരാളുടെ പോലെയായിരുന്നു അദ്ദേഹത്തിന്റെ മാറ്റം. അബോധാവസ്ഥയിൽ നടന്നു ചെന്ന് ചുമരിൽ തുടർച്ചയായി തലയിടിക്കാൻ തുടങ്ങി. ഒപ്പം അപരിചിതമായ ശബ്ദങ്ങളും പുറപ്പെടുവിച്ചു. ചുവന്നു കലങ്ങി കണ്ണ് വിടർന്നു തള്ളിയ നിലയിലാരുന്നു. വിയർത്തു കുളിച്ചു വായിൽ നിന്ന് ഉമിനീരൊലിപ്പിച്ച് പലതരം ശബ്ദങ്ങളുണ്ടാക്കി തളർന്നു വീഴുകയായിരുന്നു അദ്ദേഹം’– ഹോബ്സൺ പറഞ്ഞു. ചാർലിയോടു സംസാരിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചവരെപ്പോലെ നിശബ്ദനായിരുന്നു അദ്ദേഹമെന്നും ഹോബ്സൺ വ്യക്തമാക്കി. 

അതോടെയാണ് സോൾസ്ബ്രി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ നിന്നു പൊലീസിലേക്കു വിവരം പോകുന്നത്. മിലിട്ടറി റിസർച് സെന്ററിൽ നടത്തിയ പരിശോധനയിൽ നൊവിചോക്കിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. എന്നാൽ ഇരുവരും എങ്ങനെ ഈ രാസായുധത്തിന്റെ ആക്രമണത്തിനിരയായി എന്നതാണു പൊലീസിനെ കുഴക്കുന്നത്. വഴിയിൽ കിടക്കുന്നതോ വീടിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു വസ്തു കണ്ടാലും തൊടരുതെന്നാണു പ്രദേശവാസികൾക്കു പൊലീസ് നൽകിയ നിർദേശം.

സെർജി സ്ക്രീപലും മകൾ യൂലിയയും

മസ്തിഷ്കത്തിലെ നാഡീവ്യൂഹത്തെ തകർക്കുന്നതാണ് ഈ നെർവ് ഏജന്റ്. ശരീരത്തിലെ പേശികളുടെയും അവയവങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന എൻസൈമുകളെ തടയുന്നതോടെ അവ സങ്കോചിക്കുകയും മനുഷ്യൻ വിചിത്ര സ്വഭാവമുള്ളവരെപ്പോലെ പെരുമാറുകയും ചെയ്യും. മനുഷ്യനെ സോംബി(പ്രേതം)കളെപ്പോലെയാക്കുന്നവയെന്നാണ് ഇത്തരം നെർവ് ഏജന്റുകൾക്കുള്ള വിശേഷണം.

സാധാരണ വാതകരൂപത്തിലാണ് ഉപയോഗിക്കുക, നിറമോ മണമോ ഇല്ല ഇതിന്. ഇതേ അവസ്ഥയിൽത്തന്നെ ദ്രാവകരൂപത്തിലും ഉപയോഗിക്കാനാകും. ത്വക്കിലൂടെയോ ശ്വസനേന്ദ്രിയത്തിലൂടെയോ എളുപ്പം അകത്തു ചെല്ലുമെന്നും മാരകഫലമാണുണ്ടാക്കുകയെന്നും ഓർഗനൈസേഷൻ ഫോര്‌ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് വ്യക്തമാക്കുന്നു. 

ദമ്പതികൾ ആക്രമണത്തിനിരയായ സംഭവത്തിൽ യുകെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. നെർവ് ഏജന്റിന്റെ സാന്നിധ്യം മേഖലയിൽ ഉണ്ടോയെന്നു പരിശോധിക്കുകയാണ്. പൊതുജനം ഭയക്കേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അമെസ്ബ്രിയിലെ ഒരു പാർക്കും ഫാർമസിയും ബാപ്റ്റിസ്റ്റ് ചർച്ച് കമ്യൂണിറ്റി സെന്ററും സോൾസ്ബ്രിയിലെ വീടും പൊതുജനം പ്രവേശിക്കാൻ അനുവദിക്കാത്ത വിധം പൂർണമായും പൊലീസ് സംരക്ഷണത്തിലാണ്.

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ

സോൾസ്ബ്രിയിലെ രാസായുധ ആക്രമണം മേഖലയിലെ ടൂറിസത്തെയും കച്ചവടത്തെയും ദോഷകരമായി ബാധിച്ചിരുന്നു. ഇതിനു നഷ്ടപരിഹാരമായി സർക്കാർ 25 ലക്ഷം പൗണ്ടാണു വാഗ്ദാനം ചെയ്തത്. സ്റ്റോൺ ഹെഞ്ച് എന്ന ടൂറിസം കേന്ദ്രത്തിലേക്കുള്ള കവാടമാണ് സോൾസ്ബ്രി. ഇതിനു പിന്നാലെയാണിപ്പോൾ മാസങ്ങളുടെ ഇടവേളയിൽ രണ്ടാം ആക്രമണം.