വീട്ടിലാകെ അഞ്ച് ആത്മാക്കൾ, ഒഴിപ്പിക്കാൻ ‘ബഡ് തപസ്യ’; ആത്മഹത്യ ആൽമരം പോലെ!

ഭാട്ടിയ കുടുംബാംഗങ്ങൾ

ന്യൂഡൽഹി∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പരസ്പരം അറിഞ്ഞുകൊണ്ടുള്ള ആത്മഹത്യയായിരുന്നു ഇവരുടേതെന്ന് കണ്ടെത്തിയെങ്കിലും ഇതിലേക്ക് ഇവരെ നയിച്ചത് എന്താണെന്നുള്ളതിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാ‍ഞ്ച് സംഘം. കുടുംബത്തിൽ കുടിയിരുന്ന നാല് ആത്മാക്കളെ ഒഴിപ്പിക്കുന്നതിനാണ് ആത്മഹത്യ പദ്ധതി തയാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ വിശദീകരണം. 

ജൂൺ 30നാണു സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി(77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലളിത് ഭാട്ടിയ കഴിഞ്ഞ 11 വർഷമായി എഴുതിയിരുന്ന ഡയറിയിൽനിന്നാണു നിർണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നത്. തന്റെ പിതാവ്, സജൻ സിങ്, ഹീര, ദയാനന്ദ്, ഗംഗ ദേവി എന്നിവരുടെ ആത്മാക്കൾ വീട്ടിലുണ്ടെന്നാണു ലളിത് മറ്റുള്ളവരെ പറ‍ഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇവർക്ക് ‘മോക്ഷപ്രാപ്തി’ ലഭിക്കുന്നതിനായി ഏഴുദിവസം ആൽമരത്തെചുറ്റി പ്രാർഥന നടത്തണമെന്ന് പിതാവ് നിർദേശിച്ചിരുന്നതായി ലളിത് ഡയറിയിൽ കുറിച്ചിരുന്നു. യാതൊരു ആപത്തും കൂടാതെ പിതാവ് കുടുംബത്തെ രക്ഷപെടുത്തുമെന്നായിരുന്നു ലളിതിന്റെ പ്രതീക്ഷയെന്നും കുറിപ്പുകളിൽനിന്നു വ്യക്തം. അതേസമയം, കുറിപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റു നാലുപേർ ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ചിലസമയത്ത് തന്നിൽ പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നു. 2015 ജൂലൈ ഒൻപതിന് പിതാവെന്ന് അവകാശപ്പെട്ട് എഴുതിയ കുറിപ്പിൽ പ്രതിസന്ധികളും അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കുടുംബത്തെ കൊണ്ടുപോകാൻ സാധിക്കുന്നതിലെ നന്ദി അറിയിച്ചിരുന്നു. അഞ്ച് ആത്മാക്കൾ ഇപ്പോൾ തന്നോടൊപ്പമുണ്ട്. നിങ്ങളുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തിയാൽ അവർക്കും മോക്ഷപ്രാപ്തിയുണ്ടാകും.

വീടിന്റെ ഭിത്തിയിൽ കണ്ടെത്തിയ പൈപ്പുകൾ. മൃതദേഹങ്ങൾ കണ്ടെത്തിയതിനു സമാനമായിട്ടായിരുന്നു പൈപ്പുകൾ സ്ഥാപിച്ചിരുന്നത്.

‘ബഡ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ മരിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നു.

സൂത്രധാരൻ ലളിത്, പാരാനോർമൽ ഷോയുടെ ആരാധകൻ

പിതാവിന്റെ ആത്മാവ് തന്നിൽ സന്നിവേശിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് ലളിത് മറ്റുള്ളവരെ തന്റെ വഴിക്കെത്തിച്ചത്. ഇയാളുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽനിന്ന് പാരാനോർമൽ വിഷയങ്ങളിൽ ഇയാൾ തല്‍പരനായിരുന്നെന്നു വ്യക്തമായി. ഇത്തരം ഷോകളും പ്രേതാനുഭവങ്ങളുമെല്ലാമായിരുന്നു സ്ഥിരം ഇയാൾ യൂട്യൂബിലും മറ്റു വെബ്സൈറ്റുകളിലും കണ്ടിരുന്നത്. ജൂൺ 23 മുതൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന കർമങ്ങൾ നടത്തുന്നതിലുള്ള തയാറെടുപ്പിലുമായിരുന്നു അവർ.

ലളിത് ഭാട്ടിയ (ഇടത്) ആത്മഹത്യയ്ക്കു മുന്നോടിയായി സ്റ്റൂളുകളുമായി ടിനയും സവിതയും വരുന്ന സിസിടിവി ദൃശ്യങ്ങൾ

തെളിവായി ദൃശ്യങ്ങൾ

ബുറാഡിയിലെ കൂട്ടമരണം രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. ഇതിൽ വിശദമായ അന്വേഷണം നടത്തുന്നതിനിടെയാണ് ആത്മഹത്യയ്ക്കുള്ള ഒരുക്കം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. വീടിനു താഴെയുള്ള ഫർണിച്ചർ സ്റ്റോറിൽ നിന്ന് രാത്രി പത്തോടെ ടിനയും സവിതയും മുകളിലെ നിലയിലേക്കു സ്റ്റൂളുകൾ കൊണ്ടുവരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികൾ ധ്രുവും ശിവവും ഇലക്ട്രിക് വയറുകളുമായി വരുന്നു.

മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ ബുറാഡിയിലേക്കെത്തുന്നു.

പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓർഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരൻ റൊട്ടി വീട്ടിലെത്തിച്ചു നൽകി– അപ്പോൾ സമയം 10.45. വീട്ടുകാർ റൊട്ടി വാങ്ങുമ്പോൾ അസ്വാഭാവികമായ യാതൊന്നും തനിക്കു തോന്നിയില്ലെന്നു ഋഷി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. റൊട്ടിയുടെ വിലയായ 200 രൂപ വാങ്ങി തിരികെ പോവുകയും ചെയ്തു.

10.57ന് നാരായണി ദേവിയുടെ മൂത്തമകൻ ഭുവ്നേഷ് കാവൽനായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലർച്ചെ 5.56നാണ്. പാൽവണ്ടിയിൽ നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയൽക്കാരൻ വീട്ടിലേക്കു കയറുന്നു, പൊലീസെത്തുന്നു. രാത്രി ഒരു മണിയോടെയാണ് കൂട്ട ആത്മഹത്യയെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഡയറിയിലുണ്ട്. ‘ഭഗവാൻ കാ രാസ്താ’ (ദൈവത്തിന്റെ വഴി) എന്ന പേരിലായിരുന്നു ജൂൺ 30ലെ ഡയറിക്കുറിപ്പ്. ഗ്രില്ലിൽ ഒൻപതു പേർ തൂങ്ങിക്കിടക്കണമെന്നായിരുന്നു ഒരു നിർദേശം.

11 മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ഒരെണ്ണം കിടത്തിയ നിലയിലും

കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുറാഡി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു.