‘വാസ്തുദോഷം’; കർണാടക മന്ത്രി ദിവസവും യാത്ര ചെയ്യുന്നതു 340 കിലോമീറ്റർ

എച്ച്.ഡി. രേവണ്ണ

ബെംഗളൂരു∙ സർക്കാർ ബംഗ്ലാവിന്റെ ‘വാസ്തുദോഷ’ത്തെ തുടർന്ന് കർണാടക മരാമത്ത് മന്ത്രി ദിവസവും യാത്ര ചെയ്യുന്നതു 340 കിലോമീറ്റർ. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരനും മരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയാണു ബെംഗളൂരുവിൽ നിന്നു ഹാസനിലെ തന്റെ മണ്ഡലമായ ഹോളെ നരസിപുരയിലെ വീട്ടിലേക്കു ദിവസവും പോയി വരുന്നത്. ഒരു വശത്തേക്കുള്ള ദൂരം 170 കിലോമീറ്റർ. പുലർച്ചെ അഞ്ചിനെഴുന്നേറ്റു പൂജകളും വ്യായാമവും ക്ഷേത്രദർശനവും കഴിഞ്ഞു രാവിലെ ഒൻപതിനു പുറപ്പെടും. 11നു നിയമസഭയിലെ ഓഫിസിലെത്തും. രാത്രി എട്ടരയ്ക്കു മടക്കം. രേവണ്ണയുടെ ബെംഗളൂരുവിലെ സ്വന്തം വസതിയിൽ മൂത്തമകനും കുടുംബവുമാണു താമസിക്കുന്നത്.

Read at: എന്താണ് വാസ്തുദോഷം, ജീവിതത്തിലെ ദുരനുഭവങ്ങൾക്ക് കാരണം ഇതോ?

മുഖ്യമന്ത്രി കുമാരസ്വാമിയും താമസം ജെപി നഗറിലെ സ്വന്തം വീട്ടിൽ തന്നെ. ഔദ്യോഗിക വസതിയിലേക്കു മാറാത്തതിനു പ്രത്യേക കാരണം പറഞ്ഞിട്ടില്ലെങ്കിലും വാസ്തുപ്രശ്നമാണു വില്ലനെന്നാണു സൂചന. ജ്യോതിഷിയുടെ ഉപദേശപ്രകാരം തന്റെ വീട്ടിലെ ഫർണിച്ചറെല്ലാം തിരഞ്ഞെടുപ്പിനു മുൻപു തന്നെ കുമാരസ്വാമി വെള്ളി പൂശിയിരുന്നു. പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പയും ഇക്കാര്യത്തിൽ ഭരണപക്ഷത്തിനൊപ്പം. താമസം സ്വന്തം വീട്ടിൽ; സർക്കാർ വസതിയുടെ ‘വാസ്തുദോഷം’ തന്നെ കാരണം.

താമസിക്കാത്തത് മുന്‍മന്ത്രി മാറാത്തതിനാല്‍: രേവണ്ണ

തനിക്ക് അനുവദിച്ച മന്ത്രി മന്ദിരത്തിലെ താമസക്കാർ ഒഴിയാത്തതു കൊണ്ടാണ് ദിവസവും ഹോളേനരസിപുരയിൽ പോകേണ്ടിവരുന്നതെന്ന് മന്ത്രി എച്ച്.ഡി.രേവണ്ണ. മുൻ പൊതുമരാമത്ത് മന്ത്രി എച്ച്.സി.മഹാദേവപ്പയാണു തനിക്ക് അനുവദിച്ച വസതിയിൽ താമസിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാലെ അദ്ദേഹം ഇവിടെ നിന്ന് മാറുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് താൻ ബെംഗളൂരുവിൽ താമസിക്കാത്തതെന്ന ആരോപണം മന്ത്രി നിഷേധിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.