ഗജേന്ദ്ര ഹാൽദിയയെ വിസ്തരിക്കാൻ വിഴിഞ്ഞം ജുഡിഷ്യൽ കമ്മിഷൻ

കൊച്ചി∙ വിഴിഞ്ഞം തുറമുഖ നിർമാണ കരാറിന് അടിസ്ഥാനമായ കേന്ദ്ര ആസൂത്രണ കമ്മിഷൻ മാതൃക കരാറിനു രൂപം നൽകിയ ഗജേന്ദ്ര ഹാൽദിയയെ വിസ്തരിക്കാൻ ജുഡിഷ്യൽ കമ്മിഷൻ തീരുമാനം. 23ന് ഹാൽദിയയുടെ വാദം കേൾക്കും. ആസൂത്രണ കമ്മിഷന്റെ ഉപദേശകൻ കൂടിയായ ഹാൽദിയയുടെ ആവശ്യപ്രകാരം തന്നെയാണു ജുഡിഷ്യൽ കമ്മിഷൻ വാദം കേൾക്കുന്നത്.

ഇന്ത്യയിൽ അഞ്ഞൂറിലേറെ വൻകിട പദ്ധതികൾക്ക് ആസൂത്രണ കമ്മിഷന്റെ ഈ മാതൃക കരാ‍ർ തന്നെയാണ് ആധാരമാക്കിയതെന്നും മറ്റൊരിടത്തും ഉണ്ടാകാത്ത ആരോപണങ്ങളാണു കരാറിനെതിരെ കേരളത്തിൽ ഉയർന്നിരിക്കുന്നതെന്നും ഗജേന്ദ്ര ഹാൽദിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തന്റെ വാദങ്ങൾ കേൾക്കാതെ കമ്മിഷൻ എന്തെങ്കിലും തെറ്റായ നിഗമനങ്ങളിൽ എത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്ന പദ്ധതികളെ പോലും ദോഷകരമായി ബാധിച്ചേക്കുമെന്ന ആശങ്കയും ഹാൽദിയ പ്രകടിപ്പിക്കുന്നുണ്ട്.

ഹാൽദിയയെ വിസ്തരിക്കണമെന്നു മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരെയും വിളിച്ചുവരുത്താൻ ഉദ്ദേശ്യമില്ലെന്നും സ്വയം ഹാജരാകുന്നതിൽ തടസമില്ലെന്നുമായിരുന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നിലപാട്. ഇതോടെയാണു ഹാൽദിയ തന്നെ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചത്. പദ്ധതി നടപ്പാക്കാൻ വേണ്ടിയുള്ള ആത്മാർഥമായ പരിശ്രമമാണു കഴിഞ്ഞ സർക്കാർ നടത്തിയത്. ഇക്കാര്യത്തിൽ ആരെയും കുറ്റക്കാരായി സിഎജിയും കാണുന്നില്ലെന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ തീരുമാനങ്ങൾ ചിലപ്പോൾ പിഴച്ചെന്നു വരും. എന്നുവച്ചു ചെയ്തതെല്ലാം നിയമവിരുദ്ധവും അഴിമതിയുമായി കണക്കാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ ഭാവിയിൽ ഉദ്യോഗസ്ഥർ നിർണായക തീരുമാനങ്ങൾ എടുക്കാൻ മടിക്കും. അവരുടെ ആത്മവിശ്വാസവും ആത്മാർഥതയും നഷ്ടപ്പെടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വേണ്ടി അഡ്വ. റോഷൻ അലക്സാണ്ടർ ചൂണ്ടിക്കാട്ടിയപ്പോൾ, അതു പൂർണമായും ശരിയാണെന്നു കമ്മിഷൻ അംഗം കെ.മോഹൻദാസ് പറഞ്ഞു.