കവർച്ചാശ്രമത്തിനിടെ വെടിവയ്പ്പ്: ഇന്ത്യൻ വിദ്യാർഥി യുഎസിൽ കൊല്ലപ്പെട്ടു

ശരത് കൊപ്പു. ചിത്രം: ട്വിറ്റർ

കൻസാസ് സിറ്റി∙ തെലങ്കാനയിൽനിന്നുള്ള വിദ്യാർഥി യുഎസിൽ െവടിയേറ്റു മരിച്ചു. കൻസാസ് സിറ്റിയിലുള്ള റസ്റ്ററന്റിലാണ് ഇരുപത്തഞ്ചുകാരനായ ശരത് കൊപ്പു വെടിയേറ്റു കൊല്ലപ്പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. കവർച്ചാശ്രമത്തിനിടെയുണ്ടായ വെടിവയ്പ്പിലാണു മരണം. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽനിന്നുള്ള ശരത് എൻജിനീയറിങ് ബിരുദധാരിയായിരുന്നു. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന ഇയാൾ യുഎസിൽ ബിരുദാനന്തര ബിരുദം നേടാനായി ജോലി രാജിവച്ചിട്ടാണ് പോയത്.

മിസോറി – കൻസാസസ് സിറ്റി സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ശരത്. പഠനത്തോടൊപ്പം ഈ റസ്റ്ററന്റിലും ശരത് ഭാഗികമായി ജോലി ചെയ്തിരുന്നു. ഈ വർഷമാദ്യമാണു ശരത് യുഎസിലേക്കു കുടിയേറിയത്. എത്രയും വേഗം മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്കായി ശരത്തിന്റെ കുടുംബാംഗങ്ങൾ തെലങ്കാനയുടെ എൻആർഐ മന്ത്രി കെ.ടി. രാമ റാവുവിനെ സമീപിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.

കവർച്ചക്കാരിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണു ശരത്തിനു വെടിയേറ്റതെന്നു ദൃക്സാക്ഷികൾ അറിയിച്ചു. മറ്റുള്ളവർ കൗണ്ടറിനു പിന്നിൽ ഒളിച്ചപ്പോൾ എതിർദിശയിലേക്കാണ് ശരത് ഓടിയത്. പിന്നിലായാണു ശരത്തിനു വെടിയേറ്റത്. വെള്ള, ബ്രൗൺ നിറങ്ങളിൽ നെടുകെ വരകളുള്ള ടീഷർട്ടാണ് വെടിവച്ചയാൾ ധരിച്ചത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടുണ്ട്.