ആഗോള വിപണി തുണച്ചു; വ്യാപാരം മികച്ച നേട്ടത്തിൽ

മുംബൈ∙ ഓഹരി വിപണിയിൽ സൂചികകൾ മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തിൽ വ്യാപാരം പുരോഗമിച്ച വിപണിയിൽ അവസാന മണിക്കൂറിൽ സൂചികകൾ കുതിപ്പുകാട്ടി. സെൻസെക്സ് കഴിഞ്ഞ അഞ്ചു മാസത്തിനിടെയിലെ ഉയർന്ന നിലവാരത്തിലെത്തി. 304.90 പോയിന്റ് ഉയർന്ന് 36,239.62 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 94.35 പോയിന്റ് നേട്ടത്തിൽ 10,947.25 ലും വ്യാപാരം അവസാനിപ്പിച്ചു.

ഹെൽത്ത് കെയർ ഒഴികെയുള്ള സെക്ടറുകളെല്ലാം നേട്ടത്തിലായിരുന്നു. ആഗോള വിപണിയിലെ നേട്ടമാണ് വിപണിക്ക് തുണയായത്. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നീ വിഭാഗം ഓഹരികള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. ഗെയിൽ, ഹിന്‍ഡാൽകോ, റിലയൻസ്, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, യെസ് ബാങ്ക് എന്നീ ഓഹരികളുടെ വില ഉയർന്നു. അതേസമയം എച്ച്പിസിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ലൂപിൻ, സൺ ഫാർമ, ടിസിഎസ് എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.