മുൻ ദിവസങ്ങളിലെ കുതിപ്പ് തുടരാനാകാതെ ഓഹരി വിപണി

മുംബൈ∙ കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പ് തുടരാനാകാതെ ഓഹരി വിപണി. ഇന്നലെ 36,000 നിലവാരം കടന്ന സെൻസെക്സ് ഒരു വേള ഇടിവു രേഖപ്പെടുത്തിയിരുന്നു. വ്യാപാര അവസാനത്തിൽ സെൻസെക്സ് 26 പോയിന്റ് നേട്ടത്തിൽ 36,265.93 എത്തി. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്‌റ്റി 1.05 പോയിന്റ് നേട്ടത്തില്‍ 10,948.30 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി, റിയൽറ്റി, ടെക്, സർവീസ്, എഫ്എംസിജി എന്നിവയാണ് ഇന്നു നേട്ടമുണ്ടാക്കിയ സെക്ടറുകൾ. ഐടി സെക്ടറാണ് കൂടുതൽ മുന്നേറിയത്. ബിഎസ്ഇ ഐടി സെക്ടർ 2.38 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ എൻഎസ്ഇയിൽ 2.21 ശതമാനമാണ് മുന്നേറിയത്. മെറ്റൽ വിഭാഗം ഓഹരികൾക്കു കനത്ത നഷ്ടമുണ്ടായി. ബിഎസ്ഇ മെറ്റൽ സൂചിക 3.10 ശതമാനം നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, ഭാരതി ഇൻഫ്രാടെൽ, ബജാജ് ഓട്ടോ, എച്ച്‌യുഎൽ, ഇന്‍ഫോസിസ് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. യുപിഎൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, വേദാന്ത എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിട്ടത്.