ഇംഗ്ലണ്ട് ഇതിനകം നേടിയോ ലോകകപ്പ്?; ആവേശത്തിരയിൽ ആരാധകർ

ഹാരി കെയ്ൻ

ലണ്ടൻ∙ ലോകകപ്പിലെ അപ്രതീക്ഷിത മുന്നേറ്റം കപ്പുനേട്ടത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരാധകർ. സെമിയിൽ ഇന്ന് ക്രൊയേഷ്യയെ നേരിടുന്ന സിംഹക്കുട്ടികൾക്ക് എല്ലാ പിന്തുണയും പ്രാർഥനയും നൽകി ആകാംക്ഷയോടെ കാത്തിരിക്കുകയാണു ബ്രിട്ടൻ. വാരാന്ത്യമല്ലാത്തതിനാൽ ആഘോഷലഹരിക്ക് അൽപം മിതത്വമുണ്ടാകുമെങ്കിലും കളി ജയിച്ചാൽ കഥമാറും.

28 വർഷത്തിനുശേഷം ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലിൽ എത്തിയ ഇംഗ്ലണ്ട് ഇപ്പോൾതന്നെ ലോകകപ്പ് നേടിയ മട്ടിലാണ് ആരാധകർ. ഫൈനൽ ബർത്ത് ഉറപ്പിക്കാനാകുമോ എന്നുറപ്പില്ലാത്തതിനാൽ സെമി തന്നെ ആഘോഷമാക്കുകയാണവർ. ലണ്ടനിലെ ഹൈഡ് പാർക്കിൽ ജയന്റ് സ്ക്രീനുകൾ സ്ഥാപിച്ച് 30,000ൽ ഏറെപ്പേർ ഒന്നിച്ചിരുന്നാണ് ഇന്നു സെമിഫൈനൽ ആസ്വദിക്കുന്നത്. ഇതിനായുള്ള ടിക്കറ്റുകൾ ബാലറ്റിലൂടെ തിങ്കളാഴ്ചമുതൽ നൽകിക്കഴിഞ്ഞു. ലണ്ടൻ മേയറും സ്പോർട്സ് – കൾച്ചർ മന്ത്രാലയവും സംയുക്തമായാണു ഹൈഡ് പാർക്കിലെ ഈ ഫുട്ബോൾ മാമാങ്കം ഒരുക്കുന്നത്. ഇത്തരത്തിൽ മറ്റ് പാർക്കുകളിലും പബ്ബുകളിലും ആരാധകർ ഒരുമിച്ചിരുന്നാകും കളികാണുക.

ലോകകപ്പ് ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ എത്തുന്നത്. ആതിഥേയരും കിരീടജേതാക്കളുമായ 1966ലായിരുന്നു ആദ്യത്തേത്. 1990ൽ ഇറ്റലിയിൽ നടന്ന ‘ഇറ്റാലിയ-90’ ലോകകപ്പിലായിരുന്നു മറ്റൊന്ന്. അന്ന് വെസ്റ്റ് ജർമനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവു പറഞ്ഞതിൽപിന്നെ ആദ്യമായാണു വീണ്ടുമൊരു സെമി ഫൈനൽ. 28 വർഷത്തിനുശേഷം സെമിയിലെത്തുന്ന ഇംഗ്ലണ്ടിനു തുടക്കത്തിൽ ആരും ഒരു സാധ്യതയും കൽപിച്ചിരുന്നില്ല. ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, സ്റ്റീവൻ ജെറാഡ്, ഫ്രാങ്ക് ലാംബാർഡ്, ജോൺ ടെറി തുടങ്ങിയ വമ്പൻ താരനിരയുമായി കളിച്ചിട്ടും നേടാനാകാത്ത ലോകകപ്പിൽ ഹാരി കെയ്നും കൂട്ടരും ഒരൽഭുതവും കാട്ടുമെന്ന് ആരും കരുതിയിരുന്നില്ല, കടുത്ത ഇംഗ്ലിഷ് ആരാധകർ പോലും. എന്നാൽ ഇപ്പോൾ എല്ലാവരും പ്രതീക്ഷയിലാണ്. ആറുഗോളുമായി ടോപ് സ്കോററായി ലോകകപ്പിന്റെ താരമായി മാറുന്ന ഹാരി കെയ്ൻ സൂപ്പർ താരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നുകഴിഞ്ഞു. ഒത്തിണക്കത്തോടെ കളിക്കുന്ന യുവതാരങ്ങൾ ഓരോ കളിയിലും ചാമ്പ്യൻമാരുടെ ശരീരഭാഷയിലാണു മുന്നേറുന്നത്. ഇംഗ്ലണ്ടിനായുള്ള വാതുവയ്പുകാരുടെ എണ്ണവും കൂടിക്കഴിഞ്ഞു.

ഇംഗ്ലണ്ട് കപ്പ് നേടിയാൽ ടീംമംഗങ്ങൾക്കൊപ്പം രാജ്യത്തെ എല്ലാ പൗരന്മാർക്കും ആഘോഷിക്കാൻ വകയുണ്ടാകും. വിജയാഘോഷത്തിനായി സ്പെഷൽ ബാങ്ക് ഹോളിഡേ അനുവദിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷനേതാവ് ജെറമി കോർബിൻ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. പ്രതിപക്ഷം ബാങ്ക് ഹോളിഡേ ആവശ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ അതിൽ കൂടിയത് എന്തെങ്കിലും പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല.