പ്രേതനിഴലിൽ ബുറാഡി; ജനങ്ങൾ വീടൊഴിയുന്നു, വാഹനങ്ങൾ വരാൻ മടിക്കുന്നു

ന്യൂഡൽഹി∙ അന്വേഷണവും തിരച്ചിലുകളും മുറയ്ക്കു നടക്കുമ്പോഴും ഭീതിയൊഴിയാതെ ബുറാഡി. മരിച്ച 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ ജനങ്ങൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള ഒരുക്കത്തിലാണ് അയൽവാസികൾ.

ഉത്തര ഡൽഹിയിലെ സ്ഥലം കച്ചവടക്കാരനായ പവൻകുമാർ ത്യാഗി ഇത്തരത്തിലൊരു പൂജയ്ക്കുള്ള തയാറെടുപ്പിലാണ്. തനിക്ക് അന്ധവിശ്വാസമൊന്നുമില്ല. പക്ഷേ ‘ശുദ്ധീകരണം’ അത്യാവശ്യമാണ്. കോളജിൽ പോകുന്ന എന്റെ മകൾ സംഭവത്തിനുശേഷം വളരെ ഭയന്നാണു കഴിയുന്നത്. പൂജ നടത്തുന്നത് അവളെ സമാധാനപ്പെടുത്തുന്നതിനാണ് – ത്യാഗി പറയുന്നു.

ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീട്ടിൽ പ്രേതങ്ങൾ ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനാൽ സമീപത്തുള്ള വീടുകൾക്ക് അടക്കം റിയൽ എസ്റ്റേറ്റ് രംഗത്ത് വന്‍ ഇടിവാണുണ്ടാകുന്നത്. ‘അതീന്ദ്രശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന തരത്തിലാണു ടെലിവിഷൻ ചാനലുകളിൽ വാർത്തകൾ വരുന്നത്. ഇത്തരത്തിലുള്ള വ്യാജവാർത്തകൾക്ക് അധികം ദിവസം നിലനിൽക്കാനാകില്ലെന്നതു മാത്രമാണു പ്രതീക്ഷ. ഇവിടെനിന്നു സ്ഥലവും ഫ്ലാറ്റുകളും വാങ്ങുന്നതിൽ ജനങ്ങൾ ഭയപ്പെടുകയാണ്. ഇടനിലക്കാർ അകന്നുനിൽക്കുന്നു. എന്തിനധികം, കാറുകളും ഓട്ടോറിക്ഷയും പോലും ഇവിടേക്ക് ലഭിക്കുന്നില്ല’ – കെ.എൽ. ഭരദ്വാജ് എന്ന പ്രദേശവാസി പറയുന്നു.

സ്ഥലവിലയിലും കുറവ്

കഴിഞ്ഞ ഒരു ദശകമായി ബുറാഡിയിൽ സ്ഥലത്തിന്റെ വില റോക്കറ്റുപോലെ ഉയരുകയായിരുന്നു. പാർക്കിങ് സൗകര്യമുള്ള ഒരു ഫ്ലാറ്റിന് 3000 മുതൽ 6000 രൂപ (സ്ക്വയർ ഫീറ്റ്) വരെയാണ് ഈടാക്കിയിരുന്നത്. സ്ഥലത്തിന്റെ വില 70% വരെ ഉയർന്നിരുന്നു. എന്നാൽ കൂട്ടമരണത്തിനുശേഷം ഇവിടെയുള്ളവർക്കു സ്ഥലം വിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മരണം നടന്നതിന്റെ മൂന്നാം ദിവസം മുതൽതന്നെ എങ്ങനെയെങ്കിലും സ്ഥലം വിറ്റുപോകുന്നവരെ കാണാമായിരുന്നു. വാടകയ്ക്കു താമസിച്ചിരുന്നവരിൽ നാലുപേരാണ് ഇത്തരത്തിൽ ഇവിടെനിന്നു പോയത്. വരാമെന്ന് അറിയിച്ചിരുന്നവരും ഇപ്പോൾ വരാത്ത സ്ഥിതിയാണ്. അതേസമയം, വസ്തുക്കച്ചവടക്കാർ വിലകുറയ്ക്കുന്നതിനായി മനപൂർവം വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും വിശ്വസിക്കുന്നവരെയും ബുറാഡിയിൽ കാണാം.

അതിനിടെ, പ്രേതങ്ങളുണ്ടെന്ന ആരോപണങ്ങളെ തള്ളി ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരൻ ദിനേഷ് രംഗത്തെത്തി.  പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതിനുശേഷം കുറച്ചുദിവസത്തേക്കു താൻ അങ്ങോട്ടുപോകുമെന്നു ദിനേഷ് പറഞ്ഞു. പൂജ നടത്തിയതിനുശേഷം ഭാട്ടിയ കുടുംബം താമസിച്ച വീട്ടിൽ കയറി താമസിക്കുമെന്ന് ദിനേഷിന്റെ അനന്തരവനും വ്യക്തമാക്കി. ദിനേഷിന്റെ ഒരു സഹോദരി കൂടെ ജീവിച്ചിരിപ്പുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആത്മഹത്യയിലേക്കു തന്നെ

ബുറാ‍ഡിയിൽ മരിച്ച പത്തു പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ പത്തുപേരും തൂങ്ങിമരിച്ചതാണെന്നു വ്യക്തമായിരുന്നു. എന്നാൽ നാരായൺ ദേവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെയും കിട്ടിയിട്ടില്ല. വീടിന്റെ മറ്റൊരു മുറിയിൽ തൂങ്ങി ഭാഗികമായി തറയിൽ കിടന്ന നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്ത ദിവസമേ ആകുകയുള്ളൂ. കൂട്ടത്തിൽ ഒരാളെ കൊലപ്പെടുത്തിയതാകാമെന്ന പൊലീസ് സംശയങ്ങൾക്കിടെയാണ് ഫൊറൻസിക് ഡോക്ടർമാരും ഇതു സംബന്ധിച്ച സൂചനകൾ നൽകുന്നത്. വൈദ്യശാസ്ത്രസംഘം കഴിഞ്ഞ ദിവസം ബുറാഡിയിലെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു.

അന്വേഷണം ഡയറികൾ അടിസ്ഥാനമാക്കി

ഭാട്ടിയ കുടുംബത്തിൽനിന്നു കണ്ടെത്തിയ ഡയറികളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മാനസികനില വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളാണ് ലഭിച്ചത്. കുടുംബം ആത്മഹത്യ ചെയ്യാൻ നേരത്തേ നിശ്ചയിച്ചിരുന്നുവെന്നും നാരായൺ ദേവിയുടെ മകൻ ലളിത് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകൾ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും പൊലീസ് പറയുന്നു. ദീപാവലിക്കു മുൻപു മരിക്കുമെന്ന സൂചനകൾ കണ്ടെത്തി.

കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് നിലവിലെ അന്വേഷണം. 11 വർഷമായി ലളിത് എഴുതിയതെന്നു കരുതുന്ന ഡയറിയിൽ പലരുടെയും കയ്യക്ഷരമുണ്ട്. ഇതിൽ ലളിത് എഴുതിയതാണെന്നു കരുതുന്ന പലതും വേറെ ആരുടെയോ കയ്യക്ഷരമാണെന്നും ബന്ധുക്കൾ പറയുന്നു.

വീട്ടിലാകെ അഞ്ച് ആത്മാക്കൾ, ഒഴിപ്പിക്കാൻ ‘ബഡ് തപസ്യ’

ലളിത് ഭാട്ടിയ കഴിഞ്ഞ 11 വർഷമായി എഴുതിയിരുന്ന ഡയറിയിൽനിന്നാണു നിർണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നത്. തന്റെ പിതാവ്, സജൻ സിങ്, ഹീര, ദയാനന്ദ്, ഗംഗ ദേവി എന്നിവരുടെ ആത്മാക്കൾ വീട്ടിലുണ്ടെന്നാണു ലളിത് മറ്റുള്ളവരെ പറ‍ഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇവർക്ക് ‘മോക്ഷപ്രാപ്തി’ ലഭിക്കുന്നതിനായി ഏഴുദിവസം ആൽമരത്തെചുറ്റി പ്രാർഥന നടത്തണമെന്ന് പിതാവ് നിർദേശിച്ചിരുന്നതായി ലളിത് ഡയറിയിൽ കുറിച്ചിരുന്നു. യാതൊരു ആപത്തും കൂടാതെ പിതാവ് കുടുംബത്തെ രക്ഷപെടുത്തുമെന്നായിരുന്നു ലളിതിന്റെ പ്രതീക്ഷയെന്നും കുറിപ്പുകളിൽനിന്നു വ്യക്തം.

‘ബഡ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ മരിച്ചതാണോയെന്നും പൊലീസ് പരിശോധിച്ചിരുന്നു.

മരണം ജൂൺ 30ന്, പത്തുപേരും തൂങ്ങിമരിച്ച നിലയിൽ

ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണമായശേഷം മനഃശാസ്ത്ര വിശകലനം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാനാണു പൊലീസ് നീക്കം. സന്ത് നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.