റെക്കോർഡ് നേട്ടത്തിൽ വിപണി; അഞ്ചു മാസത്തിനിടെ ആദ്യമായി നിഫ്റ്റി 11,000 കടന്നു

മുംബൈ∙ റെക്കോര്‍ഡ് നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ജനുവരി 29ന് കൈവരിച്ച റെക്കോർഡ് നിലവാരമായ 36,443.98 മറികടന്ന സെൻസെക്സ് 282.48 പോയിന്റ് ഉയർന്ന് 36,548.41 ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 413 പോയിന്റ് വരെ ബിഎസ്ഇ സൂചികയായ സെൻസെക്സ് ഉയർന്നിരുന്നു. നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്‌റ്റി 74.90 പോയിന്റ് നേട്ടത്തില്‍ 11,023.20 ലും വ്യാപാരം അവസാനിപ്പിച്ചു. അഞ്ചു മാസത്തിനിടെ ആദ്യമായാണു നിഫ്റ്റി 11,000 നിലവാരം കടന്നത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവു വിപണിക്കു കരുത്തേകി. വ്യാപാര ആരംഭത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ വർധനയും വിദേശ നിക്ഷേപം ഉയർന്നതും വിപണിക്കു ഉണർവേകി. യുഎസ് – ചൈന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചർച്ച ഫലം കാണുന്നതും വിപണിയുടെ കുതിപ്പിന് ഇടയാക്കി.

ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, പിഎസ്‌യു, ഹെൽത്ത് കെയർ തുടങ്ങിയ സെക്ടറുകള്‍ നേട്ടത്തിലായിരുന്നു. ഐടി, മെറ്റൽ, ഓട്ടോ, പവർ എന്നീ വിഭാഗം ഓഹരികൾ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, ബിപിസിഎൽ, വിപ്രോ, ബജാജ് ഫിനാൻസ്, എസ്ബിഐ എന്നിവയാണു മികച്ച മുന്നേറ്റമുണ്ടാക്കിയ ഓഹരികള്‍. യുപിഎൽ, വേദാന്ത, ബജാജ് ഓട്ടോ, ഇൻഫോസിസ്, എംആൻഡ്എം എന്നീ വിഭാഗം ഓഹരികളുടെ വില ഇടിഞ്ഞു.