മന്ത്രി മാത്യു ടി.തോമസിനെ മാറ്റുന്ന ചർച്ചയിലില്ലെന്ന് കെ. കൃഷ്ണൻകുട്ടി

കൊച്ചി ∙ മന്ത്രി മാത്യു ടി.തോമസിനെ മാറ്റുന്ന കാര്യം ഇപ്പോൾ ചർച്ചയിലില്ലെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ്  കെ.കൃഷ്ണൻകുട്ടി. ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിയുടെ പ്രവർത്തനങ്ങൾ ഇതുവരെ വിലയിരുത്തിയിട്ടില്ല. കൗൺസിലിന്റെ അജൻഡിൽ അങ്ങനെയൊരു വിഷയം ഉൾപ്പെടുത്തിയിട്ടില്ല. യോഗത്തില്‍ വിഷയം ആരെങ്കിലും ഉന്നയിച്ചാൽ മന്ത്രിയെ മാറ്റുന്നത് ചർച്ച ചെയ്യും. അന്തിമ തീരുമാനം  ദേശീയ നേതൃത്വമാകും എടുക്കുകയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു

പാർട്ടിക്കുള്ളിൽ മന്ത്രി മാത്യു.ടി.തോമസിനെതിരെ പടയൊരുക്കം നടക്കുന്നതിനിടെയാണ് സംസ്ഥാന കൗണ്‍സില്‍ യോഗം. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരാണ് മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്നg മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. മുതിര്‍ന്ന നേതാവ് സി.കെ.നാണുവിന്റെ പിന്തുണയും ഇവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ സംസ്ഥാന പ്രസിഡന്റിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കലാണ് മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിനു പിന്നിലെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ദേശീയ സെക്രട്ടറി ഡാനിഷ് അലിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.