സെറീനയെ വീഴ്ത്തി; ആഞ്ചലിക് കെർബറിന് വിംബിൾഡൺ കിരീടം

മൽസരത്തിന് ശേഷം സെറീന വില്യംസും ആഞ്ചലിക് കെർബറും

ലണ്ടൻ∙ സെറീന വില്യംസിനെ വീഴ്ത്തി ജര്‍മൻ താരം ആഞ്ചലിക് കെർബറിന് വിംബിൾഡൺ വനിതാ സിംഗിള്‍സ് കിരീടം. 6–3, 6–3 സ്കോറിനാണ് കെർബർ യുഎസ് താരത്തെ പരാജയപ്പെടുത്തിയത്. കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിൾഡൺ കിരീടം സ്വന്തമാക്കുന്ന ആദ്യ ജർമൻ വനിതയെന്ന നേട്ടവും കെർബർ കൈക്കലാക്കി. കെർബറിന്റെ മൂന്നാം ഗ്രാന്റ്സ്‍ലാം കിരീടമാണിത്. 2016ൽ യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ‌ ഓപ്പണ്‍ കിരീടങ്ങളും താരം സ്വന്തമാക്കിയിരുന്നു. 

സെപ്റ്റംബറിൽ അമ്മയായ ശേഷം സെറീന മൽസരിക്കുന്ന നാലാമത്തെ മാത്രം ടൂർണമെന്റായിരുന്നു വിംബിൾഡൺ. ഇന്നു ജയിച്ചിരുന്നെങ്കിൽ ഏറ്റവും അധികം ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടുന്ന താരം എന്ന ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ (24) റെക്കോർഡിനൊപ്പമെത്താൻ സെറീനയ്ക്കാകുമായിരുന്നു.