പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായം; കോൺഗ്രസ് രാമായണമാസം ആചരിക്കില്ല

രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ രാമായണമാസം ആചരിക്കണമെന്ന തീരുമാനത്തിൽനിന്നു കോൺഗ്രസ് പിൻമാറി. പാർട്ടിക്കുള്ളിൽത്തന്നെ രണ്ടഭിപ്രായം വന്നതിനെ തുടർന്നാണു നടപടി. രാമായണ മാസാചരണത്തിനെതിരെ കെ. മുരളീധരൻ എംഎൽഎയും വി.എം.സുധീരനും പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ പിന്മാറ്റം.

രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു.

വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും മുരളീധരൻ പറഞ്ഞിരുന്നു.