ഷുഹൈബ് വധത്തിൽ സിപിഎം പങ്ക് പുറത്ത്; പണം നൽകിയത് ലോക്കല്‍ സെക്രട്ടറി

കണ്ണൂര്‍∙ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമിസംഘത്തിനു പണം നല്‍കിയത് സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്താണെന്നു കുറ്റപത്രം. എന്നാല്‍ ഗൂഢാലോചന നടത്തിയ പ്രശാന്തിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയാറായിട്ടില്ല. ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടില്‍നിന്നു ലഭിച്ച രക്തക്കറയും കേസില്‍ നിര്‍ണായകമായി. അതേസമയം കുറ്റപത്രത്തില്‍ സിപിഎം ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടു പരമാര്‍ശങ്ങളൊന്നുമില്ല.

11 പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയശേഷം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലാണു സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് എടുത്തു പറഞ്ഞിരിക്കുന്നത്. ഷുഹൈബ് കൊല്ലപ്പെടുന്നതിനു മുന്‍പ് എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്ത് പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതികള്‍ക്കു സഞ്ചരിക്കാനുള്ള കാര്‍ വാടകയ്ക്കെടുക്കാന്‍ അയ്യായിരം രൂപ നല്‍കിയതു പ്രശാന്താണ്. അറസ്റ്റിലായ അസ്കറിനും അഖിലിനുമാണു പണം കൈമാറിയത്.

എന്നാല്‍ ഗൂഢാലോചന വ്യക്തമായിട്ടും പ്രശാന്തിനെ കസ്റ്റഡിയിലെടുക്കാന്‍പോലും മട്ടന്നൂര്‍ പൊലീസ് തയാറായിട്ടില്ല. ജനുവരി 13ന് പാലയോട് ബ്രാഞ്ച് കമ്മിറ്റി ഷുഹൈബിനെതിരെ വധഭീഷണി മുഴക്കികൊണ്ട് പ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് ബൈജു, നിജില്‍, അവിനാഷ്, അസ്കര്‍, അന്‍വര്‍ സദാത്ത് എന്നിവര്‍ചേര്‍ന്നു പ്രതികാര കൊലപാതം നടത്താന്‍ തീരുമാനിച്ചത്. പ്രാശാന്തിനു പുറമെ അഞ്ചുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്.