ചെന്നൈയിൽ ആദായ നികുതി റെയ്ഡ്: 120 കോടി രൂപയും 100 കിലോ സ്വർണവും പിടികൂടി

ചെന്നൈ∙ സർക്കാർ കോൺട്രാക്ടറായ സെയ്യാദുരെ നാഗരാജന്റെ കമ്പനിയിലും ബന്ധുക്കളുടെ വീടുകളിലും നടന്ന ആദായനികുതി പരിശോധനയിൽ 120 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തെന്നു റിപ്പോർട്ട്. എസ്പികെ ഗ്രൂപ്പിന്റെ ഓഫിസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും ഇന്നലെ രാവിലെ ഏഴു മുതലാണു റെയ്ഡ് ആരംഭിച്ചത്.സെയ്യാദുരെയുമായി ബന്ധമുള്ള വ്യക്തികളുടെ വീട്ടിൽ നിന്നാണു സ്വർണവും പണവും പിടികൂടിയിരിക്കുന്നത്. പെരമ്പൂരിൽ നിന്ന് 89 കിലോ സ്വർണം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. തേനാംപേട്ട്, താംബരം, സെയ്യാദുരെയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന വിരുദുനഗറിലെ അർപ്പുക്കോട്ടെ എന്നിവിടങ്ങളിൽ നിന്നും പണവും സ്വർണവും കണ്ടെത്തി. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ് എല്ലാ സ്ഥലത്തു നിന്നും കണ്ടെത്തിയത്.

മിക്കയിടത്തു നിന്നും കണ്ടെത്തിയ പണം ആഡംബര കാറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അറുപതു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന എസ്പികെ കമ്പനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇന്നും തുടരും.സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മുട്ടയുടെ വിതരണ കരാർ എടുത്തിട്ടുള്ള ക്രിസ്റ്റി ഫ്രൈഡ്ഗ്രാംസിൽ നടന്ന പരിശോധനയ്ക്ക് ശേഷമാണു സെയ്യാദുരെയുടെ കമ്പനിയായ എസ്പികെയിലെ റെയ്ഡ്. സർക്കാരിന്റെ ടെൻഡറുകൾ എടുക്കുന്ന സ്ഥാപനങ്ങളെയാണ് ആദായനികുതി വകുപ്പ് തുടർച്ചയായി നോട്ടമിട്ടിരിക്കുന്നതെന്നു വ്യക്തം.

സംസ്ഥാനത്തെ ഹൈവേകളുടെയും പാലങ്ങളുടെയും നിർമാണം സ്ഥിരമായി ലഭിക്കുന്ന കമ്പനിയാണ് സെയ്യാദുരെയുടെത്.ഭരണത്തിലെ ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധവുമുണ്ട്. തമിഴ്നാട്ടിൽ വലിയ അഴിമതികൾ നടക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു.റെയ്ഡുകളെ സർക്കാർ ഭയക്കുന്നില്ലെന്നു ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാർ പ്രതികരിച്ചു.

സ്വാഗതം ചെയത് സ്റ്റാലിൻ

∙ സെയ്യാദുരെയുടെ കമ്പനിയിൽ നടന്ന ആദായനികുതി പരിശോധനയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ. സർക്കാർ പണികൾ ഏറ്റെടുത്തു നടത്തുന്നവർ നികുതി വെട്ടിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരിശോധനയിൽ മാത്രം ഒതുക്കാതെ ആദായനികുതി വകുപ്പ് കുറ്റപത്രം കൃത്യമായി സമർപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് വിടുതലൈ ചിരുതൈകൾ കക്ഷി നേതാവ് തോൾ തിരുമാവളവനുള്ളത്. പരിശോധന നടത്തുന്നതിനെ എതിർക്കുന്നില്ലെന്നും ഇപ്പോഴുള്ള പരിശോധനകളിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും തിരുമാവളവൻ പറഞ്ഞു.