ഒപിഎസിന്റെ സ്വത്ത്: സിബിഐ അന്വേഷണം നടത്താത്തതെന്തെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനെതിരെ സിബിഐ അന്വേഷണം നടത്താത്തത് എന്തു കൊണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കേസ് സിബിഐക്കു വിടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നിര്‍ദേശം. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്നും പനീർസെൽവം കോടികള്‍ കൈപ്പറ്റിയതിന്‍റെ രേഖകള്‍ മനോരമ ന്യൂസ് നേരത്തേ പുറത്തുവിട്ടിരുന്നു.

പനീര്‍സെല്‍വവും കുടുംബവും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങികൂട്ടിയതിന്‍റെയും ശേഖര്‍ റെഡ്ഡിയില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിന്‍റെയും രേഖകളാണു പുറത്തുവന്നത്. തുടര്‍ന്ന് ഡിഎംകെ നേതാവ് ആര്‍.എസ്.ഭാരതി കഴിഞ്ഞ മാര്‍ച്ചില്‍ വിജിലന്‍സിനു പരാതി നല്‍കി. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണു ഭാരതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണു കോടതി വിമര്‍ശിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നു കോടതി ചോദിച്ചു. 

വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുടെ പേര് കൂടെ ഉള്‍പ്പെട്ട സ്ഥിതിക്ക് സിബിഐ അന്വേഷണമല്ലേ നല്ലതെന്നു കോടതി ആരാഞ്ഞു. കേസ് സിബിഐക്കു കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇരുപത്തിമൂന്നിനകം സര്‍ക്കാര്‍ നിലപാടറിയിക്കണം. 20,000 രൂപ ലോണെടുത്ത് തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ പനീർസെൽവത്തിന്റെ ഇന്നത്തെ ആസ്തി 2,200 കോടിയിലധികമാണ്. ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുപ്പമുള്ള കരാര്‍ സ്ഥാപനങ്ങളിലെ ആദായനികുതി വകുപ്പ് റെയ്ഡിനു പിന്നാലെ പനീര്‍സെല്‍വം കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതി പരാമർശവും സർക്കാരിന് വലിയ ക്ഷീണമാണ്.