മഴയിൽ സ്തംഭിച്ച് മൂന്നാർ: വിനോദസഞ്ചാരികളുടെ വരവ് നിലച്ചു

മൂന്നാർ ടൗണിൽ കരകവിഞ്ഞൊഴുകുന്ന മുതിരപ്പുഴയാർ

മൂന്നാർ∙ രണ്ടാഴ്ചയിലധികമായി തുടർച്ചയായി പെയ്യുന്ന മഴ മൂന്നാറിന്റെ ടൂറിസം മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ വരവ് ഏതാണ്ട് പൂർണമായും നിലച്ച സ്ഥിതിയാണ്. അടുത്ത മാസം ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേൽക്കാൻ നടത്തിവന്ന ഒരുക്കങ്ങളെല്ലാം മഴ മൂലം നിലച്ചിരിക്കുന്നു.

മൺസൂൺ സീസണിൽ സാധാരണ മൂന്നാറിൽ ലഭിക്കുന്നതു ശരാശരി 425 സെന്റിമീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ഇതുവരെ മാത്രം 300 സെന്റീമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഒരു ദിവസം മാത്രം 24 സെന്റീമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. ടൗൺ മധ്യത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുകയാണ്. പഴയ മൂന്നാറിൽ പല ഭാഗത്തും ദേശീയ പാതയിൽ വെള്ളം കയറി.

മൂന്നാർ ടൗൺ ബൈപാസിൽ തിങ്കളാഴ്ച ഉണ്ടായ മണ്ണിടിച്ചിൽ.

ദേശീയപാത ബൈപാസ് റോഡിൽ മലയിടിഞ്ഞു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള പ്രധാന പാതകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല. ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.