തമിഴ്നാട് @ 50: വിപുലമായ ആഘോഷം പിന്നീട്

ചെന്നൈ∙ ഇന്ത്യൻ ഭൂപടത്തിന്റെ തെക്കേ അറ്റത്ത് മദ്രാസ് സംസ്ഥാനത്തിനു പകരം തമിഴ്നാട് ഉയർന്നുവന്നിട്ട് അൻപതു വർഷം. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയിട്ട് ഇന്നലെ അൻപതു വർഷം പൂർത്തിയായി. പേരു മാറ്റത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് സർക്കാർ വിപുലമായ ആഘോഷം പിന്നീട് നടത്തും. ഡിഎംകെ ഫെഡറൽ സംരക്ഷണ സമ്മേളനം നടത്തിയാണു പേരു മാറ്റത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നത്. 1968 ജൂലൈ 18നു അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണു സംസ്ഥാനത്തിന്റെ പേര് തമിഴ്നാടെന്നു മാറ്റി പ്രമേയം പാസാക്കിയത്. 

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച ദ്രാവിഡ മുന്നേറ്റത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പേരു മാറ്റം. ഇതിഹാസ കാവ്യങ്ങളിൽ ഈ ഭൂ പ്രദേശത്തിന്റെ പേര് തമിഴ്നാടാണെന്നും മദ്രാസ് എന്നതു വിദേശികൾ നൽകിയ പേരാണെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ, നിയമസഭയിലും പാർലമെന്റിലും ഭരണത്തിലിരുന്ന കോൺഗ്രസ് വാദത്തെ അനുകൂലിച്ചില്ല. അണ്ണാദുരൈയ്ക്കു കീഴിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഡിഎംകെ പേരു മാറ്റം പ്രചാരണ വിഷയമാക്കി. ദേശീയ കക്ഷികൾക്കെതിരായ പ്രാദേശിക വികാരം ആളിക്കത്തിക്കാനുള്ള ഇന്ധനമെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിച്ചു. 

കോൺഗ്രസ് പേരുമാറ്റത്തെ ശക്തമായി എതിർത്തെങ്കിലും ഈ ആവശ്യം ഉന്നയിച്ച രക്തസാക്ഷിയായ ഏകയാൾ കോൺഗ്രസ് നേതാവാണെന്നതു ചരിത്രത്തിലെ വൈരുധ്യമാണ്. വിരുദുനഗറിൽ നിന്നുള്ള പാർട്ടി നേതാവ് ശങ്കരലിംഗ നാടാർ പേരു മാറ്റം ആവശ്യപ്പെട്ട് 1956 ജൂലൈ 27ന് നിരാഹാരം ആരംഭിച്ചു. തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹത്തിന്റെ നിരാഹാരം 76 ദിവസം നീണ്ടു. അവശനായി മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിൽസയിലിരിക്കെ മരിച്ചു. ഡിഎംകെ ആദ്യമായി നിയമസഭയിലെത്തിയ 1957ൽ പാർട്ടി പേരു മാറ്റത്തിനായുള്ള പ്രമേയം നിയമസഭയിൽ കൊണ്ടുവന്നു. പിന്നീട് എം.പി. ശിവഞ്ജാനത്തിന്റെ നേതൃത്വത്തിലുള്ള തമിഴ് അരശു കഴകം പേരു മാറ്റം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. 

എന്നാൽ, കോൺഗ്രസ് വഴങ്ങിയില്ല. സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഡിഎംകെ ആവശ്യത്തെ ശക്തമായി എതിർത്തു. രാജ്യാന്തര പ്രശസ്തമായ മദ്രാസ് മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു നിലപാട്. 1961 മാർച്ചിൽ സിപിഐ നേതാവ് ഭൂപേഷ് ഗുപ്ത രാജ്യസഭയിൽ പേരു മാറ്റത്തിന് അനുകൂലമായി ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചു.

ഇതിനെ പിന്തുണച്ച് രാജ്യസഭാംഗമായിരുന്ന അണ്ണാദുരൈ നടത്തിയ പ്രസംഗം പാർലമെന്റിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നാണ്. 1967ൽ ആഞ്ഞടിച്ച ദ്രാവിഡ തരംഗത്തിലേറി ഡിഎംകെ അധികാരത്തിലെത്തിയതോടെ കോൺഗ്രസ് നിലപാട് മാറ്റാൻ നിർബന്ധിതരായി. പേരു മാറ്റത്തോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രവും മാറി. മദ്രാസ് തമിഴ്നാടായതിനു ശേഷം ദ്രാവിഡ പാർട്ടികളല്ലാതെ സംസ്ഥാനം ഭരിച്ചിട്ടില്ല.