വയനാട്ടിൽ വിദ്യാര്‍ഥിയുടെ വക അവധി പ്രഖ്യാപനം!; താക്കീത്, നടപടി

Representational image

കല്‍പറ്റ∙ കനത്ത മഴയെത്തുടര്‍ന്നു വയനാട്ടിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചുവെന്ന വ്യാജവാര്‍ത്ത വാട്സാപ്പിലൂടെ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ഥിയെ കണ്ടെത്തി നടപടിയെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വയനാട്ടിലെ സ്കൂളുകള്‍ക്ക് അവധിയാണെന്ന വാര്‍ത്ത പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ വ്യാജമായി സൃഷ്ടിച്ച വിദ്യാര്‍ഥി ഇതു സുഹൃത്തുക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഗോ സഹിതം പ്രചരിച്ച വാര്‍ത്ത ജില്ലയില്‍ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. ഇതെത്തുടര്‍ന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലുകാര്‍ പൊലീസിലും കലക്ടറേറ്റിലും പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

വിദ്യാര്‍ഥിയെ താക്കീത് ചെയ്ത സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ സ്കൂളില്‍ വിളിച്ചുവരുത്തി. തെറ്റ് ആവര്‍ത്തിച്ചാല്‍ നിയമനടപടികളെടുക്കേണ്ടിവരുമെന്നു മുന്നറിയിപ്പും നല്‍കി. കല്‍പറ്റയ്ക്കു സമീപമുള്ള സ്കൂളിലെ വിദ്യാര്‍ഥിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. വയനാട്ടില്‍ സ്കൂളുകള്‍ക്ക് അവധിയാണെന്ന് ഇതിനു മുന്‍പും പലതവണ വിദ്യാര്‍ഥികളടക്കമുള്ളവര്‍ വ്യാജപ്രചാരണം നടത്തിയിരുന്നു.