ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർ‍ഡ് മൂല്യത്തകർച്ച; 69.12 ആയി

മുംബൈ∙ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതോടെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. രാവിലെ 9.20 ന് ഡോളറിനെതിരെ 69.13 വരെയാണ് രൂപ താഴ്ന്നത്. എന്നാൽ വ്യാപാരം പുരോഗമിക്കവേ രൂപ നിലമെച്ചപ്പെടുത്തുന്നുണ്ട്. ബാങ്കുകളും കയറ്റുമതിക്കാരും വൻതോതിൽ യുഎസ് ‍ഡോളർ വിറ്റഴിച്ചതാണു രൂപയുടെ മൂല്യം ഇത്രയുമിടിയാനുള്ള കാരണമെന്നാണ് സാമ്പത്തിക കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

വ്യാഴാഴ്ച മാത്രം രൂപയുടെ മൂല്യത്തിൽ‌ 43 പൈസയുടെ കുറവാണുണ്ടായി 69.05 യിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂൺ 28ന് രൂപയുടെ മൂല്യം 69.10 ആയിരുന്നു. പിന്നീട് റിസർവ് ബാങ്കിന്റെ ഇടപെടലോടെ നിലമെച്ചപ്പെടുകയും ചെയ്തു.

അതേസമയം, വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികളിൽ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. സെൻസെക്സ് ഒരുവേള 198.13 പോയിന്റ് ഉയർന്ന് 39,549 ലും നിഫ്റ്റി 55.85 പോയിന്റ് ഉയർന്ന് 11,012 ലുമായിരുന്നു.