മുന്നണി വിപുലീകരിക്കാന്‍ സിപിഎമ്മിന്റെ പച്ചക്കൊടി; എൽഡിഎഫ് യോഗം 26ന്

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ പുതിയ പാര്‍ട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ധാരണ. ഏതൊക്കെ കക്ഷികളെ എടുക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ഈ മാസം 26 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ക്കു പ്രതീക്ഷയേകുന്നതാണു തീരുമാനം. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് ലക്ഷ്യം.

ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് പ്രവേശനം കാത്തുനിൽക്കുന്ന കക്ഷികളിൽ പ്രധാനം. യുഡിഎഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍ഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശനമുണ്ടായിട്ടില്ല. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്– ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍. ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയും മുന്നണിയുടെ ഭാഗമല്ലാതെയാണു നിൽക്കുന്നത്.