ദുരിതം കണ്ടില്ല; കേന്ദ്രമന്ത്രിയുടെ സന്ദർശനം പേരിനെന്നു വിമർശനം

ആലപ്പുഴയിൽ കാലവർഷക്കെടുതി വിലയിരുത്താനെത്തിയ കിരൺ റിജ്ജു ബോട്ടിൽ

ആലപ്പുഴ ∙ കാലവർഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ സന്ദർശനം പേരിനുള്ളതെന്ന് വിമർശനം. ആലപ്പുഴയിൽ ഏറ്റവുമധികം ദുരിതം വിതച്ച കുട്ടനാട്ടിൽ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയില്ല. രാവിലെ ആലപ്പുഴയിലെത്തിയ സംഘം രണ്ടുമണിക്കൂർ മാത്രമാണ് ഇവിടെ ചെലവിട്ടത്. രണ്ടു ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശനം നടത്തി.

മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ജി. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരാണ് റിജ്ജുവിനൊപ്പം ആലപ്പുഴയിലെത്തിയത്. ഗെസ്റ്റ് ഹൗസിൽ നേതാക്കളുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത മന്ത്രി കോമളപുരത്തെ ക്യാംപിലും സീറോ ജെട്ടിയിലെ ക്യാംപിലെ അടുക്കളയിലും മാത്രമാണു സന്ദർശനം നടത്തിയത്. ദുരിതം വിലയിരുത്താൻ കുപ്പപ്പുറം സ്കൂളിലെ ക്യാംപിൽ പോലും അദ്ദേഹമെത്തിയില്ല. സന്ദർശനമധ്യേ ബോട്ട് തിരിച്ചുവിട്ട് അതിഥി മന്ദിരത്തിലെത്തി ഉച്ചയൂണ് കഴിച്ച് കോട്ടയത്തേക്കു പുറപ്പെടുകയും ചെയ്തു.

ആയിരം ഹെക്ടറോളം കൃഷി നശിച്ച കുട്ടനാട്ടിലെ കൃഷിനാശമോ മുങ്ങിയ വീടുകളോ മന്ത്രി കണ്ടില്ല. മന്ത്രിയെ ആകാശമാര്‍ഗം കെടുതിയുടെ ദൃശ്യങ്ങള്‍ കാണിക്കാനുള്ള നീക്കം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ജില്ലയി ല്‍നിന്നുള്ള മന്ത്രി ജി. സുധാകരനും സ്ഥലം എംഎല്‍എ തോമസ് ചാണ്ടിയും കേന്ദ്രമന്ത്രിക്കൊപ്പം മടങ്ങുകയും ചെയ്തു.