മിസോറിയിൽ ഡക്ക് ബോട്ട് മുങ്ങി; ഒരു കുടുംബത്തിൽനിന്ന് ഒൻപതു പേരുൾപ്പെടെ 17 മരണം

അപകടതിൽപ്പെട്ട ബോട്ടിനു സമാനമായ മറ്റു ഡക്ക് ബോട്ടുകൾ.

ബ്രാൻസൺ∙ യുഎസിലെ മിസോറി സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബ്രാൻസണിലെ ടേബിൾ റോക്ക് തടാകത്തിൽ വ്യാഴാഴ്ച വൈകിട്ട് ഉല്ലാസയാത്രക്കാരുമായി പോയ ഡക്ക് ബോട്ട് മുങ്ങി ഒരു കുട്ടി ഉൾപ്പടെ 17 പേർ മരിച്ചതായി സ്റ്റോൺ കൗണ്ടി ഷെറിഫ് ഡഗ് റാഡർ അറിയിച്ചു. 31 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വിനോദയാത്രയ്ക്കെത്തിയ 11 അംഗ കുടുംബത്തിൽ ഒൻപതുപേരും മരിച്ചവരിൽപ്പെടുന്നു.

റൈഡ് ദി ഡക്സ് ഇന്റർ നാഷണൽ എന്ന കമ്പനിയാണ് കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഡക്ക് ബോട്ട് ഉപയോഗിച്ചു സവാരി നടത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറിന് ഉല്ലാസയാത്രക്കാർക്കായി അവസാനത്തെ ട്രിപ്പ് യാത്ര നടത്തിയ ബോട്ട് ആണ് അപകടത്തിൽപെട്ടത്. ഏകദേശം 31 പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് അറിവ്. 60 മൈൽ സ്പീഡിൽ പെട്ടെന്നുണ്ടായ കാറ്റിൽ ആണ് ബോട്ട് മുങ്ങുവാൻ ഇടയായത് എന്നാണ് ഇതുവരെ ലഭിച്ച വിവരം.

യുഎസിലെ മലയാളികൾ ധാരാളം പേർ വിനോദയാത്രക്കായി തിരഞ്ഞെടുക്കുന്ന ഒരു പ്രധാന നഗരമാണ് മിസോറി നഗരത്തിലെ ബ്രാൻസൺ.