ജീവനക്കാരുടെ രോഷം; ജനശതാബ്ദി മണിക്കൂറുകള്‍ വൈകി, കൂട്ട നടപടി

(ഫയൽ ചിത്രം: റിജോ ജോസഫ്)

തിരുവനന്തപുരം ∙ ട്രാക്ക് ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു ജനശതാബ്ദി എക്സ്പ്രസ് മണിക്കൂറുകള്‍ വൈകിയ സംഭവത്തില്‍ 12 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. ഒരു ദിവസത്തേക്ക് സസ്പെന്‍ഷൻ ലഭിച്ച ഇവര്‍ക്കെതിരെ വകുപ്പുതല നടപടി തുടരും. ഇതിനിടെ, അതീവ സുരക്ഷ വേണ്ട പട്രോളിങ് ഡ്യൂട്ടിക്ക് കരാര്‍ ജീവനക്കാരെ നിയമിച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്.

ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്കു തിരുവനന്തപുരത്ത് എത്തേണ്ട ജനശതാബ്ദി എക്സ്പ്രസ് എത്തിയത് പുലര്‍ച്ചെ ഒന്നരയ്ക്കാണ്. നൈറ്റ് പട്രോളിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ചേര്‍ത്തല സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിന്‍ തുടര്‍ന്നു 15 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ചേര്‍ത്തല – മാരാരിക്കുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഒാടിയത്.

കരാര്‍ ജീവനക്കാരെ ട്രാക്കില്‍ നൈറ്റ് പട്രോളിങ്ങിനു നിയമിച്ചതിനെത്തുടര്‍ന്നു സ്ഥിരം ജീവനക്കാര്‍ പ്രതിഷേധിച്ചതാണു പ്രതിസന്ധിക്കിടയാക്കിയത്. ഇതോെട മറ്റു ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. ഇതിന് ഉത്തരവാദികളായ കൊമേഴ്സ്യല്‍, ഒാപ്പറേറ്റിങ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ 12 ഉദ്യോഗസ്ഥര്‍ക്കാണു സസ്പെന്‍ഷന്‍. നാലു ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ നിര്‍ദേശം നല്‍കി.

അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയിനുകള്‍ സ്ഥിരമായി വൈകിയോടുന്നതിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്നു വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണു ജീവനക്കാര്‍ കാരണം ട്രെയിനുകള്‍ വൈകിയത്. യാത്രക്കാരുടെ ബുദ്ധിമുട്ടു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതും നടപടിക്കു റെയില്‍വേയെ നിര്‍ബന്ധിതമാക്കി.

എന്നാല്‍ പട്രോളിങ് ഡ്യൂട്ടിക്ക് കരാ‍ര്‍ ജോലിക്കാരെ നിയമിക്കുന്നതു സുരക്ഷാവീഴ്ചയ്ക്കു കാരണമാകുമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.