അഭൂതപൂർവമായ നാശമെന്ന് റിജ്ജു; ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ സന്ദർശിച്ചു

കേന്ദ്രമന്ത്രിമാരായ കിരൺ റിജ്ജു, അൽഫോൻസ് കണ്ണന്താനം എന്നിവർ കോട്ടയം ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയപ്പോൾ. മന്ത്രി വി.എസ്.സുനിൽകുമാർ സമീപം. ചിത്രം: മനോരമ

ആലപ്പുഴ/കോട്ടയം/കൊച്ചി ∙ കനത്ത മഴയെത്തുടർന്ന് കേരളത്തിലുണ്ടായത് അഭൂതപൂർവമായ നാശനഷ്ടമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ദുരിതമേഖലകള്‍ നേരില്‍ക്കാണാൻ എത്തിയതായിരുന്നു അദ്ദേഹം. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു ടീമുകൾ രംഗത്തുണ്ട്. നാവികസേന ഉൾപ്പെടെ എല്ലാവരുടെയും സഹായം ഉറപ്പാക്കും. നഷ്ടം വിലയിരുത്താൻ 10 ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും. ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെയും സംഘത്തിലുൾപ്പെടുത്തും. നഷ്ടപരിഹാരം തീരുമാനിക്കുന്നതിന് നിലവിലെ മാനദണ്ഡം മാത്രം അവലംബിക്കില്ലെന്നും റിജ്ജു പറഞ്ഞു.

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ രാവിലെയാണു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു കേരളത്തിലെത്തിയത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ ജി.സുധാകരൻ, വി.എസ്.സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോട്ടയം ചെങ്ങളത്തെത്തിയ കേന്ദ്രസംഘത്തിനു നേരെ പ്രതിഷേധമുണ്ടായി. ക്യാംപിലെത്തിയ കേന്ദ്രമന്ത്രി ദുരിതബാധിതരോട് സംസാരിക്കാതിരുന്നതാണു കാരണം. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മന്ത്രിതല സംഘം ക്യാംപില്‍നിന്നു മടങ്ങുകയായിരുന്നു.

പ്രതിഷേധത്തെതുടര്‍ന്ന് കുമരകത്തെ ക്യാംപുകള്‍ സന്ദര്‍ശിച്ചു മടങ്ങുംവഴി മന്ത്രി വീണ്ടും ചെങ്ങളത്തെത്തി ക്യാംപിലുള്ളവരുമായി സംസാരിച്ചു. ആലപ്പുഴയിൽ റോഡുമാര്‍ഗം കോമളപുരം ലൂതറന്‍ സ്കൂളിലെ ക്യാംപിലും ബോട്ടില്‍ കുപ്പപ്പുറത്തെ ക്യാംപിലും കേന്ദ്രമന്ത്രിയെത്തി. കൊച്ചിയില്‍നിന്ന് ആലപ്പുഴയിലേക്കും അവിടെ നിന്ന് കോട്ടയത്തേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയിലും കേന്ദ്രസംഘം കുട്ടനാട് മേഖലയിലെ ദുരിതം കണ്ടറിഞ്ഞു.

അതേസമയം, ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ സംസ്ഥാന മന്ത്രിമാരോ എംഎൽഎയോ എത്തിയില്ലെന്ന് ആരോപണമുയർന്നു. കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ മാത്രമാണ് കുട്ടനാട്ടിൽ എത്തിയത്; മന്ത്രി ജി. സുധാകരൻ ആദ്യമായെത്തുന്നത് കേന്ദ്രസംഘത്തിനൊപ്പവും. സ്വന്തം വീടുൾപ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി എംഎൽഎ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെ സന്ദർശനവും മഴക്കെടുതികളുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോയും ‘ലൈവ് അപ്ഡേറ്റ്സിൽ’...