റഫാൽ ഇടപാടിൽ കോടികളുടെ അഴിമതി; മോദിയുടെ നടപടി ദുരൂഹം: എ.കെ.ആന്റണി

എ.കെ.ആന്റണി

ന്യൂഡൽ‌ഹി∙ റഫാൽ യുദ്ധ വിമാന ഇടപാടിൽ വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ കോൺഗ്രസ്. 2008ൽ യുപിഎ സർക്കാരിന്റെ കാലത്തു ഫ്രാൻസുമായി ഒപ്പിട്ട കരാറിൽ വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി രംഗത്തെത്തി. വിഷയം ബിജെപിക്കെതിരായ പ്രചാരണ വിഷയമാക്കാനാണു കോൺഗ്രസ് തീരുമാനം. 

ആന്റണിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്:

റഫാൽ ഇടപാട് സംബന്ധിച്ച വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാർലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാൻ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയിൽ തീരുമാനമെടുത്തു. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്. 2008 ൽ ഫ്രാൻസുമായി പ്രതിരോധ മേഖലയിൽ ഒപ്പിട്ട കരാർ ആണു ബിജെപി സഭയിൽ ഹാജരാക്കിയത്. 2008 ൽ റഫാലിനെ തിരഞ്ഞെടുത്തിട്ടു പോലുമില്ല.

റഫാൽ ഉൾപ്പെടെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങൾ ലഭ്യമാക്കാൻ രംഗത്തുണ്ടായിരുന്നത്. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസർക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമാക്കാനായില്ല. 126 റഫാൽ വിമാനങ്ങൾക്കാണു യുപിഎ സർക്കാർ കരാറിലേർപ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാൽ, ബിജെപി സർക്കാരിനു കീഴിൽ കരാർ 36 വിമാനങ്ങൾക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തു. 

യുപിഎ സർക്കാർ ധാരണയിലെത്തിയതിനേക്കാൾ ഭീമമായ തുകയ്ക്കാണു മോദി സർക്കാർ റഫാൽ ഇടപാടിനു സമ്മതിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങൾ എന്നിവയുടെ വില പാർലമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. റഫാൽ ഇടപാടിന്റെ വില പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്നു ഫ്രാൻസ് അറിയിച്ചിട്ടും മോദിയും സംഘവും അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിർമാണം എച്ച്എഎല്ലിൽനിന്ന് എടുത്തുമാറ്റി, ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതിൽ കോടികളുടെ അഴിമതിയുണ്ട്– ആന്റണി ആരോപിച്ചു.