പകർച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; ആലപ്പുഴയിലും കോട്ടയത്തും വീണ്ടും മഴ

ആലപ്പുഴയിലെ മഴദുരിതത്തിൽനിന്ന്.

ആലപ്പുഴ∙ ഒരാഴ്ച നിറഞ്ഞു പെയ്തശേഷം പിൻവലിഞ്ഞ മഴ വീണ്ടും തിരിച്ചെത്തുന്നു. രാവിലെ മുതൽ കോട്ടയം, ആലപ്പുഴ ജില്ലകളിൽ മഴ തുടരുകയാണ്. ജില്ലകളിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ മഴ പെയ്യുന്നത് ജനജീവിതം കൂടുതൽ ദുരിതത്തിലാക്കും. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ലഭിക്കാതെയാണു പലരും കഴിയുന്നത്. മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.

അതിനിടെ, കുട്ടനാട്ടിൽ ജലജന്യരോഗങ്ങൾ പടർന്നേക്കുമെന്നു ഡിഎംഒ അറിയിച്ചു. എലിപ്പനി, കോളറ എന്നിവ പിടിപെടാൻ സാധ്യതയുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിമാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. കനത്ത വെള്ളക്കെട്ടാണ് കുട്ടനാട്ടിൽ തുടരുന്നത്. ദുരിതാശ്വാസ ക്യാംപടക്കം വെള്ളത്തിലാണ്. രണ്ടു ലക്ഷത്തോളം പേരാണ് ക്യാംപുകളിൽ അഭയം തേടിയിട്ടുള്ളത്.