സ്കൂൾ വിദ്യാഭ്യാസം ചീത്തയാക്കുമെന്ന് രക്ഷിതാവ്; പറവൂരിൽ വീട്ടുതടങ്കലിലായ കുട്ടികളെ മോചിപ്പിച്ചു

കുട്ടികൾ വീട്ടുതടങ്കലിലായ വിവരമറിഞ്ഞെത്തിയ നാട്ടുകാർ. (ടിവി ദൃശ്യം)

കൊച്ചി∙ പറവൂരിൽ വീട്ടുതടങ്കലിലായിരുന്ന കുട്ടികളെ മോചിപ്പിച്ചു. പൊലീസും ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണു കുട്ടികളെ മോചിപ്പിച്ചത്. കുട്ടികളെ ഉടൻ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. മാതാപിതാക്കളും ഒപ്പമുണ്ട്. കുട്ടികളെ മാറ്റി പാർപ്പിക്കാൻ കലക്ടർ നിർദേശിച്ചതിനെ തുടർന്നാണു നടപടി.

പറവൂരിലെ തത്തപ്പള്ളിയിലാണ് പന്ത്രണ്ടും, ഒമ്പതും, ആറും വയസ്സുള്ള കുട്ടികളെ മാതാപിതാക്കൾ പത്തു വർഷമായി വീട്ടുതടങ്കലിൽ പാർ‌പ്പിച്ചിരിക്കുന്നത്. നാട്ടുകാരും ചൈൽഡ്‌ലൈൻ അധികൃതരും നൽകിയ പരാതിയിൽ ലീഗൽ സർവീസസ് അതോറിറ്റി കുട്ടികളുടെ പിതാവ് അബ്ദുൾ ലത്തീഫിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കുന്നുവെന്നായിരുന്നു പരാതി.

തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീട്ടിലെത്തി സംസാരിച്ചിരുന്നെങ്കിലും കുട്ടികളെ വിട്ടുനൽകാൻ അബ്ദുൾ ലത്തീഫ് തയാറായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസം കുട്ടികളെ ചീത്തയാക്കുമെന്നും വീട്ടിൽതന്നെ വിദ്യഭ്യാസം നൽകുന്നുണ്ടെന്നുമായിരുന്നു ലത്തീഫിന്റെ മറുപടി. ഇതിനെ തുടർന്നാണ് കുട്ടികളെ മാറ്റിപാ‍ർപ്പിക്കാൻ കലക്ടർ നിർദേശം നൽകിയത്.