ചരിത്ര നേട്ടത്തിൽ സെൻസെക്സ്; പുതിയ ആകാശം തൊട്ട് വിപണി

മുംബൈ∙ ലോകത്തെ പ്രശസ്ത ഓഹരി വില സൂചികകളിലൊന്നായ സെൻസെക്സിന് ചരിത്ര നേട്ടം. ആദ്യമായി 37,000 നിലവാരം കടന്ന സെൻ‌സെക്സ് 126.41 പോയിന്റ് ഉയർന്ന് 36,984.64 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യമണിക്കൂറിൽ തന്നെ സെൻസെക്സ് പുതിയ ഉയരം കീഴടക്കി. റെക്കോർഡ് നേട്ടമുണ്ടാക്കിയ നിഫ്റ്റി 35.30 പോയിന്റ് മുന്നേറി 11,167.30 ലും വ്യാപാരം പൂർത്തിയാക്കി.

തുടർച്ചയായ അഞ്ചാം പ്രവൃത്തി ദിനമാണ് വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ബാങ്കിങ് ഓഹരികളുടെ വലിയ വാങ്ങലാണ് സൂചികകളെ തുണച്ചത്. എന്നാല്‍ ഐടി, മെറ്റൽ, ഓട്ടോ, ടെക് ഉൾപ്പെടെയുള്ള സെക്ടറുകൾക്കെല്ലാം തിരിച്ചടി നേരിട്ടു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വപർ ഗ്രിഡ് കോർപ്, ഒഎൻജിസി, ആക്സിസ് ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. മാരുതി സുസുക്കി, യെസ് ബാങ്ക്, എച്ച്പിസിഎല്‍, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണു കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.