പലസ്തീൻ പ്രതിരോധത്തിന്റെ മുഖം; ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച പെൺകുട്ടിക്ക് മോചനം

ജയിൽമോചിതയായ അഹദ് തമീമി (മധ്യത്തിൽ) സുഹൃത്തുക്കൾക്കൊപ്പം. ചിത്രം: എഎഫ്പി

ജറുസലം∙ ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപിന്റെ യുവപ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി ജയിൽമോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പതിനേഴുകാരിക്കു തടവുശിക്ഷ വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ അഹദിനെയും അമ്മയെയും ഇസ്രയേൽ ജയിലിൽനിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു.

കല്ലേറു നടത്തിയവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ റബർ ബുള്ളറ്റ് വെടിവയ്പിൽ പതിനഞ്ചുകാരനായ ബന്ധുവിനു തലയ്ക്കു ഗുരുതര പരുക്കേറ്റെന്നറിഞ്ഞതിനെ തുടർന്നാണു തമീമി സൈനികരെ വെറുംകൈകൊണ്ടു നേരിട്ടത്. ജറുസലമിനെ ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യുഎസ് പ്രസിഡ‍‍‍ന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങൾക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ വൈറലായതോടെ പലസ്തീൻ പ്രതിരോധത്തിന്റെ യുവത്വം നിറഞ്ഞ മുഖവുമായി അഹദ്.

അഹദ് തമീമി

ഡിസംബർ 19ന് അഹദിനു 16 വയസ്സുള്ളപ്പോഴായിരുന്നു സംഭവം നടന്നത്. നാലു ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. ഒപ്പം മാതാവ് നരിമാൻ തമീമിയെയും ബന്ധു നൂറിനെയും പൊലീസ് പിടികൂടി. പൊലീസിനെ തല്ലുമ്പോൾ നൂറും ഒപ്പമുണ്ടായിരുന്നു. ഇവർ ഇക്കഴിഞ്ഞ മാർച്ചിൽ മോചിതയായി. അഹദിന്റെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായാണു സൈനിക കോടതി വിലയിരുത്തിയത്. തുടർന്ന് എട്ടു മാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു.

കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഹദ് പ്രവർത്തിച്ചതെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. നേരത്തേയും അഹദ് ഇസ്രയേൽ സൈന്യവുമായി ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളും സൈന്യം കോടതിയിലെത്തിച്ചു. ഇസ്രയേൽ സൈന്യത്തിനു നേരെ കല്ലെറിയുന്ന പലസ്തീനികളെ തടയാൻ ശ്രമിക്കുന്നതിനിടെ അഹദ് മർദിക്കുകയായിരുന്നെന്നായിരുന്നു സൈന്യത്തിന്റെ വാദം.

വെസ്റ്റ് ബാങ്കിനെ ഇസ്രയേലുമായി വേർതിരിക്കുന്ന കൂറ്റൻ ചുമരിൽ അഹദിന്റെ ചിത്രം വരച്ചായിരുന്നു പലസ്തീന്‍ പ്രതികരിച്ചത്. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അഹ‌ദിന് അനുമോദനവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ഈ പെൺകുട്ടി തരംഗമായി. എന്നാൽ പ്രകോപന നീക്കമുണ്ടായിട്ടും പ്രതികരിക്കാതെ സംയമനം പാലിച്ച സൈനികർക്കായിരുന്നു ഇസ്രയേൽ ജനതയുടെ പ്രശംസ മുഴുവനും.