കത്ത് നല്‍കിയ അംഗങ്ങളുമായി മാത്രം ചര്‍ച്ച: വാട്സാപ് സർക്കുലറിൽ ‘അമ്മ’

അമ്മ ജനറൽ ബോഡി യോഗത്തിൽനിന്ന്. ചിത്രം: ഫെയ്സ്ബുക്

കൊച്ചി∙ കത്ത് നല്‍കിയ അംഗങ്ങളുമായി മാത്രം ചര്‍ച്ചയെന്ന് താരസംഘടനയായ ‘അമ്മ’യുടെ സര്‍ക്കുലര്‍. രേവതി, പാര്‍വതി, പത്മപ്രിയ, ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായി മാത്രമാണ് ഏഴിന് ചര്‍ച്ച നടക്കുക. പരസ്യപ്രസ്താവനകളില്‍നിന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വാട്സാപ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് നടൻ ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് അമ്മ ജനറൽ ബോഡി യോഗത്തിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ ‘അമ്മ’യിൽനിന്ന് രാജിവച്ചു. ഇതേത്തുടർന്നാണ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾകൂടിയായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവർ കത്തു നൽകിയത്.