ആധാർ നമ്പർ പരസ്യപ്പെടുത്തരുത്: ‘ചലഞ്ച്’ ഒഴിവാക്കാൻ മുന്നറിയിപ്പ്

ന്യൂഡൽഹി∙ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാർ നിയന്ത്രണ ഏജൻസിയായ യുഐഡിഎഐ. ആധാർ നമ്പർ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങൾ വഴിയുള്ള ചലഞ്ചുകൾ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്.ശർമയുടെ ‘ആധാർ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങൾ വരുത്താൻ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്.

താമസിയാതെ തന്നെ പ്രശസ്ത ഹാക്കർ ഏലിയറ്റ് ആൽഡേഴ്സനുൾപ്പെടെയുള്ളവർ ശർമയ്ക്കു മറുപടിയുമായെത്തി. ശർമയുടെ സ്വകാര്യ മൊബൈൽ നമ്പർ, കുടുംബചിത്രങ്ങൾ, വീട്ടുവിലാസം, ജനനത്തീയതി, ഓൺലൈൻ ഫോറത്തിൽ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എന്നിവ ഹാക്കർമാർ ചോർത്തി പോസ്റ്റ് ചെയ്തു. ചോർത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ലെന്നായിരുന്നു ശർമയുടെ മറുപടി. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും ചോർത്തിയ വിവരങ്ങൾ എല്ലാം ഇന്റർനെറ്റിൽ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശർമയെ അനുകരിച്ച് ചില വ്യക്തികളും ആധാർ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.