തകർക്കാനാവാത്ത ശക്തിയാകും ആ സഖ്യം: രജനി കൂട്ടുകെട്ടിനെപ്പറ്റി കമൽ

രജനീകാന്ത്, കമൽഹാസൻ

ചെന്നൈ ∙ തമിഴകത്തെ രാഷ്ട്രീയഗോദയിൽ സ്റ്റൈൽമന്നൻ രജനീകാന്തും ഉലകനായകൻ കമൽഹാസനും ഒന്നിക്കുമോ? സാഹചര്യം ഒത്തുവന്നാൽ ഒന്നിച്ചുപ്രവർത്തിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ തകർക്കാനാവാത്ത ശക്തിയായി ആ സഖ്യം മാറുമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ പറഞ്ഞു. അത്തരമൊരു കൂട്ടുകെട്ട് സാധ്യമാകാൻ ശ്രദ്ധാപൂർവം പ്രയത്നിക്കേണ്ടതുണ്ടെന്നും കമൽ വ്യക്തമാക്കി.

'വളരെ കുറച്ച് സിനിമകളിലേ ഞങ്ങൾ ഒന്നിച്ചുപ്രവർത്തിച്ചിട്ടുള്ളൂ. അതു മനഃപൂർവമെടുത്ത തീരുമാനമായിരുന്നു. കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടു നടന്മാർ എന്ന നിലയിൽ ഒന്നിച്ച് അഭിനയിച്ചാൽ സിനിമയുടെ ബജറ്റ് വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവിലായിരുന്നു തീരുമാനം. രാഷ്ട്രീയത്തിലും സമാനമായ കാരണങ്ങൾ ഉണ്ടായേക്കാം. തമിഴ്നാട്ടിൽ മാത്രം മൽസരിക്കാനാണു പാർട്ടിയുടെ തീരുമാനം. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യത്തിനു മാറ്റമുണ്ടാക്കുകയെന്നതാണു മക്കൾ നീതി മയ്യത്തിന്റെ ലക്ഷ്യം. എത്രയും വേഗം ഒരു നയം രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കും' - കമൽ പറഞ്ഞു.

2016 ഡിസംബറിൽ ജയലളിതയുടെ മരണത്തെ തുടർന്നാണു രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കമൽ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഡിസംബർ 31നാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും പാർട്ടി മൽസരിക്കുമെന്നും രജനി വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കമൽ രജനിയുമായി കൂടിക്കാഴ്ച നടത്തി. വ്യത്യസ്ത ആശയങ്ങളിലാണു പ്രവർത്തിക്കുന്നതെങ്കിൽ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാൻ ഇരുവരും ധാരണയിലെത്തിയിരുന്നു.