വാക്കുപാലിച്ച താങ്കൾക്ക് നന്ദി, നമുക്ക് ഇനിയും കാണാം: കിമ്മിനോട് ട്രംപ്

ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും.

സോൾ∙ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി ഇനിയും കൂടിക്കാഴ്ച സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറിയൻ യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകിയതിൽ നന്ദിയർപ്പിച്ചു ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രംപുമായി ഇനിയും കൂടിക്കാഴ്ചയ്ക്കു തയാറാണെന്നറിയിച്ചു കിം കത്തയച്ചിരുന്നു.

‘നന്ദി കിം ജോങ് ഉൻ, വാക്കുപാലിച്ചു കൊണ്ട് താങ്കൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ശേഷിപ്പുകൾ തിരികെ നൽകാൻ തുടങ്ങിയതിന്. താങ്കളുടെ പ്രവർത്തിയിൽ എനിക്കൊട്ടും ആശ്ചര്യമില്ല. താങ്കളയച്ച കത്തിനും നന്ദി. ഉടനെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’– ട്രംപ് ട്വിറ്ററിൽ കുറിച്ചു.

1950–53 കാലത്തു നടന്ന കൊറിയൻ യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ശേഷിപ്പുകൾ തിരികെ നൽകാമെന്ന്, ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിൽ കിം സമ്മതിച്ചിരുന്നു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണത്തിനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കിമ്മിന്റെ നടപടി വഴിയൊരുക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അഭിപ്രായപ്പെട്ടു.