രൂപ വില എങ്ങനെ ഇടിയുന്നു?, അറിയാം രൂപയുടെ മൂല്യക്കണക്കുകൾ

അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ് ഇന്ത്യൻ രൂപ. എക്കാലത്തെയും ഏറ്റവും മോശം വിനിമയ നിരക്കായ ഒരു ഡോളറിനു  69 രൂപ 27 പൈസ എന്ന നിലയിലേക്ക് രൂപ നിലംപതിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു.  അഞ്ചു മുതൽ ഏഴു ശതമാനം വരെ മൂല്യം ഇനിയും ഇടിയും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ രൂപ സഞ്ചരിച്ച വഴികളിലൂടെ...

രൂപ – മൂല്യക്കണക്കിന്റെ നാൾവഴി

ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ രൂപയുടെ വിനിമയ നിരക്ക് ബ്രിട്ടീഷ് കറൻസിയായ പൗണ്ട് സ്റ്റെർലിങ്ങുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുകയായിരുന്നു. 1927 മുതൽ  ഒരു ഇന്ത്യൻ രൂപ ഒരു ഷില്ലിംഗ് ആറ് പെൻസ് എന്ന നിലയിൽ നിജപ്പെടുത്തിയിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം അന്താരാഷ്ട്ര നാണയ നിധി (IMF) രൂപം കൊള്ളുകയും ഇതിലെ സ്ഥാപക അംഗം എന്ന നിലയ്ക്ക് ഇന്ത്യക്കു അതിന്റെ വിനിമയ നിരക്ക് നിശ്ചയിക്കുന്ന രീതിയിലും മാറ്റം വരുത്തേണ്ടി വന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ, കറൻസിയായ രൂപയുടെ വിനിമയ നിരക്ക് ഒന്നുകിൽ സ്വർണത്തിന്റെ, അല്ലെങ്കിൽ അമേരിക്കൻ ഡോളറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാൻ നിര്ബന്ധിതമാവുകയും രൂപയുടെ മൂല്യം ഒരു ഡോളറിനു മൂന്ന് രൂപ മുപ്പത് പൈസ എന്ന് നിശ്ചയിക്കുകയും ചെയ്തു.

അവിടുന്നിങ്ങോട്ട് രൂപക്കെതിരെ ഡോളറിന്റെ ശക്തമായ പ്രയാണമാണ് നാം കണ്ടത്. ഇരുപത് വർഷങ്ങൾക്ക് ശേഷം 1966 ലെ  സർക്കാരിന്റെ സ്വമേധയായുള്ള മൂല്യം കുറക്കലിന് (ഡീവാലുവേഷൻ) ശേഷം രൂപ ഡോളറിനെതിരെ ഏഴ് രൂപ അൻപത് പൈസ എന്ന നിലയിലെത്തി.

1975 ൽ, മറ്റു രാജ്യങ്ങളിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയും ഗവൺമെൻറ് വിനിമയ നിരക്ക് നിശ്ചയിക്കുന്ന ഫിക്സഡ് എക്സ്ചേഞ്ച് റേറ്റ് എന്ന സംവിധാനം നിർത്തലാക്കി പ്രധാനപ്പെട്ട വിദേശ കറൻസികളായ അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, ജർമൻ മാർക്ക് എന്നീ കറൻസികളുടെ മൂല്യവുമായി ബന്ധപ്പെടുത്തി വിനിമയ നിരക്ക്  നിശ്ചയിക്കാൻ തുടങ്ങി. ഇതേതുടർന്ന് 1980-81 കാലഘട്ടത്തിൽ 7 രൂപ 91 പൈസ എന്ന നിലയിൽ നിന്ന്  1991-92 കാലഘട്ടമായപ്പോളേക്കും ഡോളറിനെതിരെ 24 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തി. 

തൊണ്ണൂറുകളിലെ നവ ലിബറൽ ഉദാരവൽകരണ സാമ്പത്തിക നയങ്ങൾ വിനിമയ നിരക്കിലും പ്രതിഫലിക്കുകയുണ്ടായി. 1993 മുതൽ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽ നിന്ന് ഗവണ്മെന്റ് പൂർണമായും പിന്മാറുകയും  രൂപയുടെ മൂല്യം പൂർണമായും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഗവണ്മെന്റ് വിദേശ നാണ്യ വിപണിയിൽ ഇടപെടുന്ന ‘മാനേജ്‌ഡ്‌ ഫ്ലോട്ടിങ്’ രീതിയാണ് ഇന്ത്യ തിരഞ്ഞെടുത്തത്.

അതിനു മുന്നോടിയായി പുത്തൻ സാമ്പത്തിക നയങ്ങളുടെ തന്നെ ഭാഗമായി രൂപയുടെ മൂല്യം ഇരുപത് ശതമാനത്തിലധികം ഡീവാല്യൂ ചെയ്യുകയും ചെയ്തു. എന്നാൽ പൂർണമായും വിപണിയുമായി ബന്ധിപ്പിച്ചതോടെ രൂപയുടെ മൂല്യം തകർന്നടിഞ്ഞു. നവലിബറൽ നയങ്ങൾ സ്വീകരിച്ച കാലത്ത് 24-25 എന്ന നിലയിൽ നിന്ന് രൂപ 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി.

രൂപ കരുത്താർജിച്ച കാലം

പക്ഷെ 2003 മുതൽ 2008 വരെയുള്ള  കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചു വന്ന കാഴ്ച നാം കണ്ടു. ഒരുപക്ഷെ രൂപ നടത്തിയ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മുന്നേറ്റം. 2002-03 കാലഘട്ടത്തിൽ 48 രൂപ 39 പൈസ ആയിരുന്ന വിനിമയ നിരക്ക് 2007-08 ആയതോടെ 40 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. പക്ഷെ ആ മുന്നേറ്റം അണയാൻ പോകുന്നവന്റെ ആളിക്കത്തലായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു.  ഡോളറിനെതിരേ നാൽപതു രൂപ എന്ന ശക്തമായ നിലയിൽ നിന്ന്, 2012-13 കാലഘട്ടത്തിൽ 54 രൂപ 40 പൈസയിലേക്കും പിന്നീട് 2014-15 ഇൽ  61 രൂപയിലേക്കും  2018 തുടക്കത്തിൽ 65 രൂപയിലേക്കും എത്തിച്ചേർന്നു. ജൂൺ - ജൂലൈ മാസങ്ങളിൽ രൂപ മോശം പ്രകടനം കാഴ്ചവച്ച് 69 രൂപ 27 പൈസ എന്ന നിലയിലേക്ക് എത്തിനിൽക്കുന്നു.

രൂപയുടെ മൂല്യം ഡോളറിന് 70 കടക്കുമോ?

1946 ൽ മൂന്നു രൂപ മുപ്പത് പൈസ ആയിരുന്ന വിനിമയ നിരക്ക് ഇന്ന് എഴുപത് കടക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യ എക്കാലത്തും ഇറക്കുമതിയെ ആശ്രയിച്ചു നിലനിൽക്കുന്ന രാജ്യമാണ് എന്നതാണ് ഈ വീഴ്ചയുടെ പ്രധാന കാരണം. അസംസ്കൃത എണ്ണ, സ്വർണം എന്നിവയാണ് നമ്മുടെ എക്കാലത്തും വർധിക്കുന്ന രണ്ട് പ്രധാന ഇറക്കുമതി വസ്തുക്കൾ. കുറച്ചു കാലങ്ങളായി എണ്ണ വിലയിൽ ഉണ്ടാകുന്ന വർധന ഡോളറിന്റെ ആവശ്യം വര്ധിപ്പിക്കുന്നുണ്ട്. 

രൂപയുടെ മൂല്യം കുറയുന്നു എന്ന വാർത്ത വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യ വിട്ടുപോകാൻ കാരണമാകും. അവർ നിക്ഷേപങ്ങൾ (കൂടുതലായും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ)  പിൻവലിച്ചു കൊണ്ടുപോകുന്നത് ഡോളർ കറൻസിയിൽ ആയതിനാൽ ഇത് വീണ്ടും ഡോളറിന്റെ ആവശ്യകത കൂട്ടുകയും തന്മൂലം രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയും ചെയ്യും. ആഗോള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ, പ്രത്യേകിച്ചും ഏഷ്യൻ മേഖലയിലെ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളും രൂപയുടെ  മൂല്യത്തകർച്ചയുടെ ആക്കം കൂട്ടാൻ കാരണമാകുന്നുണ്ട്.

റിസർവ് ബാങ്കിന്റെ സജീവമായ ഇടപെടലാണ് ഈ അവസ്ഥയിൽ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആവശ്യം. ഇത്തരം  സാഹചര്യത്തിൽ റിസർവ് ബാങ്ക് അവരുടെ കൈവശമുള്ള ഡോളർ ശേഖരത്തിൽ നിന്ന് വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഡോളർ വിൽക്കുകയാണ് പതിവ്. തന്മൂലം വിപണി വില റിസർവ് ബാങ്ക് ഡോളർ നൽകുന്ന കുറഞ്ഞ നിരക്കിലേക്ക് എത്തുകയും ചെയ്യും. എന്നാൽ കേന്ദ്ര സർക്കാർ അത്തരം തീരുമാനങ്ങളൊന്നും ഇനിയും എടുത്തിട്ടില്ല. 

ഇത്രയേറെ തകർന്നിട്ടും രൂപ ഇപ്പോഴും യഥാർഥ വിനിമയ നിരക്കിനേക്കാൾ ആറു മുതൽ ഏഴു ശതമാനം വരെ അധിക മൂല്യത്തിൽ ആണെന്നാണ് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ അഭിപ്രായപ്പെട്ടത്.  വിനിമയത്തിൽ കർശന നിയന്ത്രങ്ങൾ എർപ്പെടുത്തുകയാണ് മറ്റൊരു മാർഗം. എന്നാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയുകയും കയറ്റുമതി കൂട്ടുകയും നമ്മുടെ കയറ്റുമതി ഉത്പന്നങ്ങൾ വിദേശ വിപണികളിൽ കൂടുതൽ പ്രിയപ്പെട്ടതാക്കുകയുമാണ് രൂപയുടെ മൂല്യമുയർത്താനുള്ള ശാശ്വത പരിഹാരം. അത്തരത്തിലുള്ള നല്ല നാളെക്കായി  കാത്തിരിക്കാം.

തയാറാക്കിയത് – എൻ.എം. രാഗേഷ്

(എറണാകുളം നൈപുണ്യ ഇന്റർനാഷനൽ സിവിൽ സർവീസ് അക്കാഡമി അധ്യാപകനാണ് ലേഖകൻ.)