സിപിഎം പ്രവർ‌ത്തകന്റെ കൊലപാതകം: പ്രതികൾ ബിജെപി അനുഭാവികളെന്ന് പൊലീസ്

കൊലക്കേസ് പ്രതികളുമായി പൊലീസ്.ചിത്രം: രാഹുൽ ആർ. പട്ടം

കാസർകോട്∙ ഉപ്പളയിൽ സിപിഎം പ്രവർ‌ത്തകൻ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ ബിജെപി അനുഭാവികളാണെന്നു പൊലീസ്. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് ഇപ്പോൾ പറയാനാകില്ല. കൂടുതൽ അന്വേഷണം നടക്കുന്നതായി എസ്പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

ഉപ്പളയിലേതു രാഷ്ട്രീയ കൊലപാതകമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ ആരോപണം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കാസർകോട് സോങ്കാൽ സ്വദേശി അബൂബക്കർ സിദ്ദീഖിന് കുത്തേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലക്കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നു.ചിത്രം: രാഹുൽ ആർ. പട്ടം

ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് അബൂബക്കർ സിദ്ദീഖ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്കു നയിച്ചതെന്നും കുത്തിയത് സോങ്കാൽ സ്വദേശി അശ്വതാണെന്നും പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. അക്രമികൾ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.