വേനൽച്ചൂടിൽ വെന്തുരുകി ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും; തീപിടിത്തവും പതിവ്

മധ്യ ലണ്ടനിൽനിന്നുള്ള ഒരു വേനൽക്കാല കാഴ്ച.

ലണ്ടൻ∙ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കുകയാണു ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും. ബ്രിട്ടനിൽ, ഇംഗ്ലണ്ടിലും വെയിൽസിലുമെല്ലാം താപനില 35നു മുകളിലാകുമ്പോൾ പോർച്ചുഗൽ, ഗ്രീസ്, സ്പെയിൻ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും താപനില നാൽപതിനോട് അടുക്കുകയാണ്. യൂറോപ്പിനു പരിചിതമല്ലാത്ത ഈ കാലാവസ്ഥാ മാറ്റത്തിൽ നട്ടംതിരിയുകയാണു ജനം. നിലവിൽ മറ്റു രോഗങ്ങൾ അലട്ടുന്നവർ ചൂടുകൂടിയതോടെ മരണത്തിനു കീഴടങ്ങുന്നതും പതിവായി. മൈതാനങ്ങൾക്കും കെട്ടിടങ്ങൾക്കും തീ പിടിക്കുന്നതും പതിവായിക്കഴിഞ്ഞു. വരുംദിവസങ്ങളിലൊന്നും ഇംഗ്ലണ്ടിൽ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നേയില്ല. ഇടയ്ക്കു പെയ്യുന്ന ഒറ്റപ്പെട്ട ചെറുമഴ ഉഷ്ണം വർധിപ്പിക്കാനേ ഉതകുന്നുള്ളു.

ജലസംഭരണികളിൽ നിരപ്പ് താഴ്ന്നതോടെ ഹോസ് ഉപയോഗിച്ച് വാഹനങ്ങൾ കഴുകുന്നതിനും ചെടികൾ നനയ്ക്കുന്നതിനും പലേടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിലെ മരണനിരക്കിൽ 663 പേരുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കടുത്ത ചൂടുമൂലമാണെന്നാണു വിലയിരുത്തൽ. കാർഷിക രംഗത്തും കടുത്ത വേനൽ വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. പച്ചക്കറി കൃഷിക്ക്, പ്രത്യേകിച്ച് ഇലവർഗങ്ങൾക്കു യൂറോപ്പിലാകെ തിരിച്ചടി നേരിടുകയാണ്.