മുസ്‍ലിം ലീഗിനെ തകർക്കാൻ പുതിയ രാഷ്ട്രീയ പാർട്ടിയുമായി ജലീൽ; പിന്തുണച്ച് സിപിഎം

കെ.ടി. ജലീല്‍

മലപ്പുറം∙ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാർട്ടി വരുന്നതായി സൂചന. ‘ഇന്ത്യൻ സെക്കുലർ ലീഗ്’ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. നിലവിലുള്ള ചില ഇടതു അനുകൂല ഇസ്‌ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കാനും ധാരണയായതായി അറിയുന്നു. പുതിയ പാർട്ടിക്കു കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്‌ലിം ലീഗിനു ബദൽ ആകുകയാണു പുതിയ പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം.

മലബാറിൽ മുസ്‌ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ പുതിയ രാഷ്ട്രീയപാർട്ടിക്കു കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ നിർലോഭ പിന്തുണയും ഈ നീക്കത്തിനുണ്ട്. ജലീലിന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷി സ്ഥാനം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജലീലിനു വാഗ്ദാനം നൽകിയിട്ടുണ്ട്.

നിലവിലുള്ള ചെറിയ മുസ്‌ലിം രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനൽ സെക്കുലർ കോൺഫറൻസ് എന്നിവ പുതിയ പാർട്ടിയിൽ ലയിക്കും. നേരത്തെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, എൻഡിഎഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാൻ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ, അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തിൽ അവരെ ഒഴിവാക്കുകയാണുണ്ടായത്.

മേൽപറഞ്ഞ പാർട്ടികളെ കൂടാതെ, തമിഴ്‍നാട്ടിലെ മുസ്‌ലിം പാർട്ടികളായ മനിതെയാ മക്കൾ കട്ച്ചി, തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്‌രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് പാർട്ടി, ഉത്തർപ്രദേശിലെ പാർട്ടികളായ പീസ് പാർട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദൾ, ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസ്, ഓൾ ഇന്ത്യ മുസ്‌ലിം ഫോറം, പർച്ചം പാർട്ടി ഓഫ് ഇന്ത്യ, നാഷണൽ ലോക്താന്ത്രിക് പാർട്ടി, മോമിൻ കോൺഫറൻസ്, ഇത്തിഹാദ്-ഇ-മില്ലത് കൗൺസിൽ, ബംഗാളിലെ പ്രോഗ്രസ്സീവ് മുസ്‌ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാർട്ടിയിൽ ലയിക്കും. പാർട്ടിക്കു കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഘടകങ്ങൾ ഉണ്ടായിരിക്കും.

കെ.ടി. ജലീലിനെ കൂടാതെ എംഎൽഎമാരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അൻവർ, വി. അബ്ദുറഹ്മാൻ എന്നിവർ പുതിയ പാർട്ടിയിൽ ചേരുന്നതോടെ പാർട്ടിക്കു നിയമസഭയിൽ അഞ്ചു എംഎൽഎമാരുണ്ടാകും. മലപ്പുറം അല്ലെങ്കിൽ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാർട്ടിക്കു നൽകിയേക്കും. ചിലപ്പോൾ രണ്ടു മണ്ഡലങ്ങളും പാർട്ടിക്കു ലഭിക്കും. മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളിൽ പുതിയ പാർട്ടിക്കു നിർണായക സ്വാധീനമുണ്ടെന്നാണു കെ.ടി. ജലീലും, പി.ടി.എ. റഹീമും, പി.വി. അൻവറും അവകാശപ്പെടുന്നത്. കാന്തപുരം എ.പി. അബുബക്കർ മുസലിയാർ, എംഇഎസ് അധ്യക്ഷൻ ഫസൽ ഗഫൂർ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോട് സഹകരിക്കുന്നുണ്ട്.